ന്യൂഡൽഹി: നിരവധി താരങ്ങളെ ക്രിക്കറ്റ് ലോകത്തിന് സംഭാവന ചെയ്ത രാജ്യമാണ് ഇന്ത്യ. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറും എംഎസ് ധോണിയും വിരാട് കോഹ്‌ലിയുമെല്ലാം ഉൾപ്പെടുന്ന പട്ടികയിൽ വനിത താരങ്ങളും ഒട്ടും പിന്നിലല്ല. മിതാലി രാജും, ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയ്ക്കുമൊക്കെ പിന്നാലെ ഇപ്പോൾ പതിനാറുകാരി ഷെഫാലി വർമ്മ വരെ എത്തിനിൽക്കുന്ന താരനിര. എന്നാൽ ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ താരം പാരി ശർമ എന്ന ഏഴ് വയസുകാരിയാണ്.
കൃത്യതയാർന്ന ഷോട്ടുകളിലൂടെയും മനോഹരമായ ഫൂട്ട് വർക്കിലൂടെയും പന്തുകളെ നേരിടുന്ന കുട്ടിതാരത്തിന് ആശംസകളുമായി രാജ്യാന്തര ക്രിക്കറ്റ് താരങ്ങൾ വരെയെത്തി. മുൻ ഇംഗ്ലീഷ് ഇതിഹാസം മൈക്കിൾ വോൺ, വിൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഷായ് ഹോപ്പ് ഉൾപ്പടെയുള്ള താരങ്ങളാണ് ഏഴ് വയസുകാരിയുടെ ബാറ്റിങ് മികവിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
Have a look at this video .. Pari Sharma .. 7 yrs old .. Her movements are as good as it gets pic.twitter.com/yeVGd9svKb
— Michael Vaughan (@MichaelVaughan) April 22, 2020
ഈ വീഡിയോ കാണൂ എന്നു പറഞ്ഞാണ് മൈക്കൽ വോൺ പാരിയുടെ ബാറ്റിങ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വലുതാകുമ്പോൾ എനിക്ക് പാരിയെപ്പോലെയാകണം എന്ന കുറിപ്പോടെയാണ് വിൻഡീസ് താരം ഷായ് ഹോപ്പ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയുടെ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുകയാണ് ഷായ് ഹോപ്പ്.
When I grow up I want to be like Pari Sharma! https://t.co/7JLFQNc4tR
— Shai Hope (@shaidhope) April 21, 2020
ഇന്ത്യൻ ഓൾറൗണ്ടർ ശിഖ പാണ്ഡെയും കുട്ടി താരത്തിന് പ്രശംസയുമായെത്തി. ആർഎംക്രിക്കറ്റ് എന്ന ട്വിറ്റർ ഹാൻഡിൽ ശിഖ പാണ്ഡെയെ ടാഗ് ചെയ്ത് ഈ കുട്ടി താരത്തെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. “എന്നിട്ട് കുറച്ച് ക്ലാസുകൾ എടുപ്പിക്കുകയും കൂടെ വേണം”എന്നായിരുന്നു ഇതിന് മറുപടിയായി ശിഖ പാണ്ഡെ പറഞ്ഞത്.