മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് ഒരുങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് കനത്ത തിരിച്ചടി. ആദ്യ അഞ്ച് മത്സരങ്ങളിൽ ടീമിലെ പ്രധാന താരങ്ങളായ പാറ്റ് കമ്മിൻസ്, ആരോൺ ഫിഞ്ച് എന്നിവരുടെ സേവനം നഷ്ടമാകുമെന്ന് ടീമിന്റെ മെന്റർ ഡേവിഡ് ഹസ്സി ബുധനാഴ്ച പറഞ്ഞു.
സീസൺ ആരംഭിക്കുന്ന മാർച്ച് 26ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം.
നിലവിൽ ഓസ്ട്രലിയയുടെ പാകിസ്ഥാൻ പര്യടനത്തിൽ കളിക്കുകയാണ് ഇരുടീമുകളും.ഏപ്രിൽ അഞ്ചിനാണ് പരമ്പര അവസാനിക്കുക. ഇതിനു ശേഷം ക്വാറന്റൈൻ നടപടികൾ പൂർത്തിയാക്കി ഏപ്രിൽ 10ന് നടക്കുന്ന കൊൽക്കത്തയുടെ അഞ്ചാം മത്സരത്തിന് ശേഷമേ ഇരുവർക്കും ടീമിനൊപ്പം ചേരാൻ കഴിയൂ.
“ഇത് ഞങ്ങളെ സംബന്ധിച്ച് വലിയ ആശങ്കയാണ്. ഞങ്ങളുടെ മികച്ച താരങ്ങൾ ടീമിൽ വേണമെന്നാണ് ആഗ്രഹം. എന്നാൽ അന്താരാഷ്ട്ര മത്സരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം. എല്ലാവർക്കും അന്തരാഷ്ട്ര മത്സരം കളിക്കാനാകും ആഗ്രഹം. അവർക്ക് അതിലാകും കൂടുതൽ പ്രതിബദ്ധത” ഹസി പറഞ്ഞു.
“ഫിഞ്ചിനും കമ്മിൻസിനും അഞ്ച് മത്സരങ്ങൾ നഷ്ടമാകുമെന്നാണ് കരുതുന്നത്. പക്ഷെ അവർ മത്സരത്തിന് ഫിറ്റ്ആയിരിക്കും ” അദ്ദേഹം കൂട്ടിച്ചേർത്തു.
ബയോ ബബിളിൽ തുടരുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് സ്റ്റാർ ബാറ്റർ അലക്സ് ഹെയ്ൽസ് ടീമിൽ നിന്ന് പിന്മാറിയതിന് പിന്നാലെ കൊൽക്കത്തയ്ക്ക് ലഭിക്കുന്ന മറ്റൊരു പ്രഹരമാണിത്.
അതേസമയം, പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ തിളങ്ങുമെന്ന് ഹസ്സി പ്രതീക്ഷവച്ചു. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ എന്ന നിലയിൽ തന്റെ കഴിവുകൾ അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും ഹസി പറഞ്ഞു.
2020ൽ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിലേക്ക് നയിച്ച അയ്യരെ കഴിഞ്ഞ മാസം നടന്ന മെഗാ ലേലത്തിൽ 12.25 കോടി രൂപയ്ക്കാണ് കെകെആർ സ്വന്തമാക്കിയത്.
Also Read: കൂറ്റനടികളും ഓള്‍ റൗണ്ട് മികവും; ഐപിഎല്ലിലെ മികച്ച അഞ്ച് കന്നിക്കാര്‍ ഇവരാണ്