രണ്ടു മാസത്തിനു ശേഷം യുവന്റസ് പരിശീലന ക്യാംപിൽ തിരിച്ചെത്തി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചൊവ്വാഴ്ചയാണ് ഇറ്റാലിയൻ ലീഗ് ചാമ്പ്യൻമാരുടെ പരീശീലന ക്യാംപിലേക്ക് റൊണോ തീരിച്ചെത്തിയത്. 35കാരനായ താരം റ്റൂറിനിൽ യുവന്റസിന്റെ കോണ്ടിനാസ ഗ്രൗണ്ടിൽ ഒരു കറുത്ത കാറിൽ വന്നിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിശിലകൻ മൗറിഷ്യോ സാരിക്കും സഹതാരങ്ങൾക്കും ഒപ്പം പരിശീലനം ആരംഭിക്കുന്നതിനു മുൻപായി റോണോ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിരുന്നു.


കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സീരി എ മത്സരങ്ങൾ അവസാനിച്ചതോടെ മാർച്ച് രണ്ടാം വാരത്തോടെയാണ് റോണോ സ്വദേശമായ മഡേറയിലേക്ക് പോയത്. മാർച്ച് എട്ടിന് യുവൻറസും ഇൻറർമിലാനും തമ്മിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു റോണോ ഒടുവിൽ കളിച്ചത്.

Read More: ഒരേയൊരു രാജാവ്; ഇഷ്ട ഫുട്ബോൾ താരമാരെന്ന് വെളിപ്പെടുത്തി രോഹിത്

എതിരില്ലാത്ത രണ്ടുഗോളിന് ഇന്ററിനെ പരാജയപ്പെടുത്തിയ മത്സരത്തിൽ ആരോൺ റംസേയും പൗലോ ഡിബാലയുമാണ് ഗോൾ നേടിയത്. മത്സരത്തിൽ മികച്ച ഫോം നേടി റോണോ ഗോൾവല ചലിപ്പിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് അന്ന് നിരാശരാവുകയും ചെയ്തു. 2019 നവംബർ 10ന് ശേഷം റോണോ ഗോൾ നേടാത്ത ആദ്യ മത്സരമായിരുന്നു മാർച്ച് എട്ടിന് അടച്ചിട്ട യുവന്റസ് സ്റ്റേഡിയത്തിൽ നടന്നത്. കോവിഡ്-19 രോഗബാധ ഏറ്റവും രൂക്ഷമായിരുന്ന ഇറ്റലിയിൽ മാർച്ച് ഒൻപതോടെ ലീഗ് മത്സരങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു.

ഈ മാസം തുടക്കത്തിൽ ഒരു സ്വകാര്യ വിമാനത്തിലാണ് റോണോ റ്റൂറിനിൽ തിരിച്ചെത്തിയത്. രണ്ടാഴ്ചത്തെ ക്വാറന്റൈൻ പൂർത്തിയായതോടെയാണ് താരം പരിശിലീനത്തിനെത്തിയത്. ഈ മാസം നാല് മുതൽ തന്നെ ഇറ്റാലിയൻ ലീഗ് ക്ലബ്ബുകൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കോവിഡ്-19 സാമൂഹിക അകല നിയന്ത്രണങ്ങളുടെ ഭാഗമായി ചെറിയ ഗ്രൂപ്പൂകളാക്കി തിരിച്ചാണ് പരിശീലനം.

Read More: പ്രീമിയർ ലീഗും ഉടൻ ആരംഭിച്ചേക്കും; ടീമുകൾ പരിശീലനത്തിലേക്ക്

ലീഗ് പുനരാരംഭിക്കണോ എന്ന കാര്യത്തിൽ ഇറ്റാലിയൻ സർക്കാരിൽ ചർച്ച തുടർന്നുകൊണ്ടിരിക്കുകയാണ്. ചുരുങ്ങിയത് ജൂൺ 14 വരെയെങ്കിലും മത്സരങ്ങൾ അനുവദിക്കില്ലെന്ന നിലപാടാവും ഇറ്റാലിയൻ സർക്കാർ സ്വീകരിക്കുക. മുന്നേറ്റ നിരയിൽ ഗോൺസാലോ ഹിഗ്വെയ്ൻ ഇല്ലാതെയാണ് യുവന്റസ് പരിശീലനം തുടരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അർജന്റീനയിൽനിന്ന് തിരിച്ചെത്തിയ താരം 10 ദിവസംകൂടി ക്വാറന്റൈനിൽ കഴിയണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook