‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്ന ചൊല്ല് സ്പാനിഷ് ഭാഷയിലാക്കി ആരെങ്കിലും സ്പാനിഷ് നായകനും റയല്‍ പ്രതിരോധ നിര താരവുമായ സെര്‍ജിയോ റാമോസിന് പറഞ്ഞ് കൊടുക്കുന്നത് നല്ലതായിരിക്കും. സ്പാനിഷ് സൂപ്പര്‍ കപ്പ് പോരാട്ടത്തിനിടെ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പന്തു നല്‍കാതെ അപമാനിച്ച റാമോസ് ജിറോണക്കെതിരെ സമാനമായ അപമാനത്തിന് ഇരയാകുന്നതിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷിയായിരിക്കുന്നത്.

ജിറോണയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പിറകിലായിരുന്ന സമയത്താണ് എല്‍ ക്ലാസിക്കോയിലെ രംഗം വീണ്ടും ആവര്‍ത്തിച്ചത്. പന്തിനായി ചെന്ന റാമോസിന് പന്തു നീട്ടി കൊടുത്ത ജിറോണ മിഡ്ഫീല്‍ഡര്‍ ഗാര്‍നെല്‍ റാമോസ് അടുത്ത് എത്തിയപ്പോള്‍ പന്തു റാമോസിനു കൊടുക്കാത്തെ പിറകിലേക്ക് എറിഞ്ഞുകളയുകയായിരുന്നു.

ഇതോടെ രോഷാകുലനായ റാമോസ് ഗാര്‍നെലിന് നേരെ കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. എന്തായാലും കർമഫലങ്ങൾ അനുഭവിക്കുക തന്നെ വേണമെന്നാണ് സോഷ്യൽ മീഡിയ റാമോസിനോട് പറയുന്നത്.

മത്സരത്തില്‍ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ജിറോണിനോട് പരാജയപ്പെടുകയും ചെയ്തു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ജിറോണ രണ്ട് ഗോള്‍ നേടി വിജയം പിടിച്ചെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ