കീവ്: കിരീടം ലക്ഷ്യമാക്കിയാണ് ഇന്നലെ ലിവർപൂൾ മൈതാനത്ത് ഇറങ്ങിയത്. എന്നാൽ കണ്ണീര് മാത്രമായിരുന്നു അവർക്ക് കിട്ടിയത്. തിരിച്ചടിയായതാകട്ടെ സൂപ്പർ താരം മുഹമ്മദ് സാലായുടെ പരുക്കും ഗോളിയുടെ പിഴവും.

എന്നാൽ മൽസരത്തിൽ തോറ്റെങ്കിലും സ്വന്തം താരങ്ങളെയല്ല ലിവർപൂൾ ആരാധകർ പഴിക്കുന്നത്. അതിനൊരു കാരണമുണ്ട്. ഏറ്റവും പരുക്കൻ കളി പുറത്തെടുത്ത റയലിന്റെ നായകൻ സെർജിയോ റാമോസിനെയാണ് അവരെല്ലാവരും വില്ലനായി കാണുന്നത്.

റാമോസിന്റെ ഇടിയിൽ തോളെല്ലിന് പരുക്കേറ്റ് സാല മൈതാനത്ത് നിന്ന് മടങ്ങുമ്പോൾ ലിവർപൂളിന്റെ ആരാധകരുടെയെല്ലാം നെഞ്ചകം പൊട്ടി. ആ നിമിഷത്തിലും റാമോസ് പുഞ്ചിരിക്കുകയായിരുന്നു. വലിയൊരു പ്രതിസന്ധിയെ മറികടന്ന സന്തോഷം മാത്രമായിരുന്നു ആ സമയത്ത് അയാളുടെ മുഖത്ത്, അതാണ് ഇപ്പോൾ അയാളെ ഏറ്റവും വെറുക്കപ്പെട്ട താരമായി മാറ്റിയത്.

എന്നാൽ അവിടെയും തീർന്നില്ല റാമോസിന്റെ പരുക്കൻ കളി. ലിവർപൂളിന്റെ ഗോൾ ബോക്സിനകത്ത് വച്ച് ഗോൾകീപ്പർ ലോറിസ് കാരിയസിനെ വലതുകൈമുട്ട് കൊണ്ട് താടിക്ക് തട്ടി വീഴ്ത്തുന്ന ദൃശ്യവും വ്യക്തമായി പുറത്തുവന്നതോടെ റാമോസ് യഥാർത്ഥത്തിൽ വില്ലനായി.

ഇതൊന്നും പോരാഞ്ഞിട്ടാണ് മൈതാനത്തിൽ റാമോസിന്റെ അഭിനയവും ലിവർപൂൾ ആരാധകരെ ചൊടിപ്പിച്ചത്. ഉയർന്നുവന്ന പന്ത് കാലിലാക്കാൻ പറ്റില്ലെന്ന് ഉറപ്പായപ്പോൾ നെറ്റിയുടെ വലതുഭാഗത്ത് കൈവച്ച് താരം അലറിവിളിച്ച് നിലത്തേക്ക് വീണു. ഇതും ആരാധകരുടെ വെറുപ്പിന് വഴിവച്ചു. ഇതോടെ ഫുട്ബോൾ ആരാധകർ ഒന്നടങ്കം റാമോസിന്റെ സോഷ്യൽ മീഡിയ പേജിലേക്ക് പാഞ്ഞെത്തി. സാലായുടെ ആരാധകരാണ് റാമോസിനെ അയാളുടെ ഫെയ്‌സ്ബുക്ക് പേജിൽ വിമർശിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ