ആസ്റ്റർഡാം: അർജന്റീന സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. വാരിയെല്ലിനു പരിക്കറ്റ അഗ്യുറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിര്‍ണ്ണായ പോരാട്ടത്തിന് ഒരുങ്ങുന്ന അര്‍ജന്റീനിക്ക് കനത്ത തിരിച്ചടിയാണ് അഗ്യൂറോയുടെ പരുക്ക്.

അഗ്യൂറോ സഞ്ചരിച്ച ടാക്സി കാര്‍ ഒരു തൂണില്‍ ഇടിച്ച ചിത്രം പുറത്ത് വന്നിട്ടുണ്ട്. അപകട സമയത്ത് താരം സീറ്റ് ബെല്‍റ്റ് ധരിച്ചതിനാലാണ് കൂടുതല്‍ പരിക്കില്‍ നിന്നും രക്ഷപ്പെട്ടതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ലോകകപ്പ് യോഗ്യത റൗണ്ടിലെ വരാന്‍ പോകുന്ന മത്സരത്തില്‍ പെറുവിനേയും ഇക്വഡോറിനേയും നേരിടാന്‍ ഇറങ്ങുന്ന അര്‍ജന്റീനിയന്‍ ടീമിന് അഗ്യൂറോയുടെ സേവനം ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. കുറഞ്ഞത് രണ്ട് മാസമെങ്കിലും അഗ്യൂറോയ്ക്ക് ടീമിന് പുറത്തിരിക്കേണ്ടി വരും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കും കനത്ത തിരിച്ചടിയാണ് ഈ വാര്‍ത്ത.

വരുന്ന മത്സരങ്ങളില്‍ ഒന്ന് തോറ്റാല്‍ തന്നെ അര്‍ജന്റീനയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴും. നിലവില്‍ തെക്കേ അമേരിക്ക മേഖല ലോകകപ്പ് യോഗ്യത റൗണ്ടിലെ 16 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 24 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാലു സ്ഥാനക്കാര്‍ക്കാണു നേരിട്ടു യോഗ്യത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ