എഫ്എ കപ്പ് മൽസരത്തിൽ എതിർ ക്ലബിന്റെ ആരാധകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ വിവാദത്തിൽ. എഫ്എ കപ്പ് അഞ്ചാം റൗണ്ട് മൽസരത്തിനിടെയാണ് വിഗൻ അത്‌ലറ്റിക് ആരാധകനുമായി അഗ്വേറോ കയ്യാങ്കളിയിൽ ഏർപ്പെട്ടത്. സംഭവത്തെപ്പറ്റി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റംതെളിഞ്ഞാൽ സെർജിയോ അഗ്വേറോയ്ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും.

എഫ്എ കപ്പിലെ അഞ്ചാം റൗണ്ട് മൽസരത്തിൽ ദുർബലരായ വിഗനോട് മാഞ്ചസ്റ്റർ സിറ്റി തോറ്റിരുന്നു. റഫറിയുടെ അവസാന വിസിലിന് ശേഷം വിഗൻ ആരാധകർ മൈതാനത്തേക്ക് ഇരച്ചെത്തുകയും കളിക്കാർക്കൊപ്പം വിജയം ആഘോഷിക്കുകയും ചെയ്തു. ഇതിനിടെയാണ് വിഗന്റെ ആരാധകരിൽ ഒരാൾ അഗ്വേറോയുടെ അടുത്തേക്ക് എത്തിയത്.

ഇയാൾ താരത്തോട് എന്തോ സംസാരിക്കുകയും ചെയ്തു. എന്നാൽ ഇതിൽ പ്രകോപിതനായ അഗ്വേറോ ഇയാളെ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. മാഞ്ചസ്റ്റർ സിറ്റിയുടെ സഹപരിശീലകൻ മിക്കേൽ ആർറ്റേറ്റയും ഒരു വിഗൻ താരവും ചേർന്നാണ് അഗ്വേറോയെ ശാന്തനാക്കിയത്.

എന്നാൽ ഇത് മൈതാനത്ത് കൂടുതൽ സംഘർഷങ്ങൾക്ക് വഴിവച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധകരും മൈതാനത്തെ സുരക്ഷ ഉദ്യോഗസ്ഥരും തമ്മിൽ ഏറെ നേരം സംഘർഷം ഉണ്ടായി. മൽസരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിഗന്റെ വിജയം.

79-ാം മിനിറ്റിലാണ് സിറ്റിയുടെ നെഞ്ച് പിളർന്ന ഗോൾ വീണത്. അതിവേഗ നീക്കത്തിനൊടുവിൽ മധ്യനിരക്കാരൻ വിൽ ഗ്രെയ്ഗാണ് വിഗന്റെ വിജയ ഗോൾ നേടിയത്. മൽസരശേഷം ഇരുടീമിന്റെ പരിശീലകരും കളിക്കാരും തമ്മിലുളള വാക്കേറ്റം വിവാദമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ