രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് നൈജീരിയയുമായുള്ള സൗഹൃദ മത്സരത്തില്‍ പരാജയപ്പെട്ട അര്‍ജന്റീനയുടെ സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോ തല കറങ്ങി വീണു. 36ാം മിനുട്ടില്‍ അര്‍ജന്റീനയുടെ ഗോള്‍ രണ്ടാക്കി ഉയര്‍ത്തിയതിന് പിന്നാലെയാണ് സെര്‍ജിയോ കളത്തില്‍ വീണത്. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെര്‍ജിയോയ്ക്ക് നേരത്തേ ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് ടീമിന്റെ ഡോകടര്‍ ഡൊണാറ്റോ വില്ലനി പറഞ്ഞു. 15ാം വയസില്‍ അദ്ദേഹത്തിന് ശസ്ത്രക്രിയ നടന്നിരുന്നെന്നും പിന്നീട് രണ്ട് തവണ അദ്ദേഹത്തിന് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതായും ഡോക്ടര്‍ പറഞ്ഞു.

ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ട് ടീമിനൊപ്പം ചേര്‍ന്നു. മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് നൈജീരിയ അര്‍ജന്റീനയെ അട്ടിമറിച്ചത്. അലക്സ് ഇവോബിയുടെ ഇരട്ടഗോളാണ് നൈജീരിയക്ക് ജയമൊരുക്കിയത്. വരുന്ന ലോകകപ്പിന് വേദിയാകുന്ന ക്രാസ്നോഡാറില്‍ മാസ്മരിക തിരിച്ചുവരവിലൂടെയാണ് നൈജീരിയ അര്‍ജന്റീനയെ അട്ടിമറിച്ചത്.

കളിയുടെ ആദ്യ 36 മിനിട്ടുകള്‍ക്കകം രണ്ട് ഗോളുകള്‍ സ്വന്തമാക്കിയ നീലപ്പട ജയം ഉറപ്പിച്ചാണ് മുന്നേറിയത്. എന്നാല്‍ പിന്നീടുള്ള നൈജീരിയയുടെ നീക്കം അര്‍ജന്റീനിയയ്ക്ക് ആഘാതമായി. ഒന്നിനു പിന്നാലെ ഒന്നായി നാലു ഗോളുകള്‍ അടിച്ചുകൂട്ടിയ നൈജീരിയ അര്‍ജന്റീനയെ നാണം കെടുത്തി.

ലയണല്‍ മെസിയെ കൂടാതെയിറങ്ങിയ അര്‍ജന്റീനയ്ക്ക് വേണ്ടി ഇരുപത്തിയേഴാം മിനുട്ടില്‍ എവര്‍ ബനേഗയായിരുന്നു ആദ്യ സ്കോറര്‍. മുപ്പത്തിയാറാം മിനുട്ടില്‍ സെര്‍ജിയോ അഗ്യൂറോ ലീഡ് രണ്ടാക്കി. ആദ്യ പകുതിയവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ബാക്കി നില്‍ക്കെ ആഴ്സണല്‍ താരം ഇഹനാച്ചോയിലൂടെ നൈജീരിയ ഗോളടി തുടങ്ങി.

അന്പത്തിരണ്ടാം മിനുട്ടില്‍ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം അലക്സ് ഇവോബി നൈജീരിയയെ ഒപ്പമെത്തിച്ചു. രണ്ട് മിനുട്ടിനകം ഇഡോവുവിലൂടെ നൈജീരിയ ലീഡെടുത്തു. എഴുപത്തിമൂന്നാം മിനുട്ടില്‍ ഇവോബി ഇരട്ടഗോള്‍ നേടി നൈജീരിയയുടെ വിജയമുറപ്പിച്ചു. പ്രതിരോധ നിരയുടെ പിഴവുകളാണ് മത്സരത്തില്‍ അര്‍ജന്റീനക്ക് തിരിച്ചടിയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ