ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനൽ മൽസരത്തിനിടെ അംപയറോട് മോശമായി പെരുമാറിയതിന് സെറീന വില്യംസിന് പിഴ. 12 ലക്ഷം രൂപയാണ് സെറീനയ്ക്ക് പിഴയായി വിധിച്ചത്. അംപയർ കാർലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് 1000 ഡോളറും കളിക്കിടെ സെറീനയ്ക്ക് കോച്ച് നിർദേശങ്ങൾ നൽകിയതിന് നാലായിരം ഡോളറും റാക്കറ്റ് നിലത്തടിച്ചതിന് മൂവായിരം ഡോളറുമാണ് പിഴ വിധിച്ചിരിക്കുന്നത്.
റാമോസിനെ ‘കള്ളന്’ എന്നാണ് സെറീന വിളിച്ചത്. നവോമി ഒസാക്കയ്ക്ക് എതിരായ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനല്‍ മത്സരത്തിലാണ് സംഭവം. നവോമി ഒസാക്കയ്ക്ക് അനുകൂലമായി രണ്ട് പെനാൽറ്റികള്‍ റാമോസ് വിധിച്ചതാണ് സെറീനയെ പ്രകോപിപ്പിച്ചത്. കോച്ചിങ് സ്വീകരിച്ചതിനും റാക്കറ്റ് വലിച്ചെറിഞ്ഞതിനും ആണ് അംപയര്‍ സെറീനയ്ക്ക് പിഴ വിധിച്ചത്. ഇതോടെ നവോമിക്ക് പോയിന്റ് ലഭിക്കുകയും ചെയ്തു. ഇതോടെ അംപയര്‍ കള്ളനാണെന്നും മാപ്പ് പറയണമെന്നും സെറീന ഉറക്കെ വിളിച്ചു പറഞ്ഞു.
മൽസരത്തിനിടെ സെറീനയ്ക്ക് നിർദേശങ്ങൾ നൽകാൻ കോച്ച് പാട്രിക് മൗറാറ്റാഗ്ലോയെ അംപയർ ശാസിച്ചിരുന്നു. ഇതും സെറീനയെ പ്രകോപിതയാക്കി.
‘നിങ്ങളൊരു കള്ളനാണ്’; നവോമി ചരിത്രം രചിച്ച മത്സരത്തില്‍ അംപയറെ അധിക്ഷേപിച്ച് സെറീന വില്യംസ്
താന്‍ റാമോസിനെ കള്ളനെന്ന് വിളിച്ചത് ചട്ടലംഘനമാണെന്ന് കരുതുന്നില്ലെന്ന് മത്സരശേഷം സെറീന പറഞ്ഞു. താന്‍ ചെയ്തത് പുരുഷ അംപയര്‍ക്കെതിരായ ലൈംഗിക അധിക്ഷേപമല്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സെറീന പറഞ്ഞു. താന്‍ സ്ത്രീ ആയത് കൊണ്ടാണ് അംപയര്‍ ഇങ്ങനെ കാണിച്ചതെന്നായിരുന്നു സെറീനയുടെ വാക്കുകള്‍.
ഫൈനലിൽ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ആദ്യ ഗ്രാൻസ്ലാം ഒസാക്ക സ്വന്തമാക്കിയത്. ജപ്പാന് വേണ്ടി ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ താരം കൂടിയാണ് ഒസാക്ക. നവോമി ഒസാക്ക എന്ന ഇരുപത് വയസ്സുകാരി തോൽപ്പിച്ചത് സെറീന വില്യംസ് എന്ന ഇതിഹാസത്തിനൊപ്പം ചരിത്രത്തെയുമാണ്. 23 തവണ ഗ്രാൻസ്ലാം നേടിയ സെറീനയെ പകപ്പും പരിഭ്രമവുമില്ലാതെ നേരിട്ട ഒസാക്കക്ക് ആദ്യ ഗ്രാൻസ്ലാം നേട്ടത്തിന് രണ്ട് സെറ്റുകളുടെ സമയം മാത്രമാണ് വേണ്ടി വന്നത്.