ടെന്നീസ് കോർട്ടിൽ ഇന്നും അതിശയമാണ് സെറീന വില്യംസ് എന്ന ഇതിഹാസ താരം. ഇപ്പോൾ ടെന്നീസ് കോർട്ടിന് പുറത്ത് താരം സെറീനയുടെ മകൾ ഒളിമ്പിയയാണ്. രണ്ട് വയസ് മാത്രം പ്രായമുള്ള ഒളിമ്പിയ ഒരു പ്രെഫഷണൽ സ്പോർട്സ് ക്ലബ്ബിന്റെ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഉടമയാണ്. ലോസ് ആഞ്ചലസ് ആസ്ഥാനമായുള്ള വനിത ഫുട്ബോൾ ക്ലബ്ബിന്റെ സഹഉടമകളാണ് സെറീനയും മകൾ അലക്സിസ് ഒളിമ്പിയ ഒഹാനിയൻ ജൂനിയർ എന്ന ഒളിമ്പിയയും.
സെറീന വില്യംസിനും മകൾ ഒളിമ്പിയയ്ക്കും പുറമെ ടെന്നീസ് ഇതിഹാസത്തിന്റെ ഭർത്താവ് അലക്സിസ് ഒഹാനിയന്, മുന്‍ അമേരിക്കന്‍ ദേശീയ ടീമിലെ കളിക്കാര്‍ തുടങ്ങിയവരും ക്ലബ്ബിന്റെ സഹഉടമകളാണ്. റെഡ്ഡിഫ് സ്ഥാപക ഉടമകൂടിയായ അലക്സ് ഒഹാനിയന് ആണ് സെറീനയുടെ ഭര്‍ത്താവ്.
എന്തുകൊണ്ടാണ് തന്റെ മകളെ ക്ലബ്ബിന്റെ ഉടമകളിലൊരാളായി തിരഞ്ഞെടുത്തതെന്ന് വിശദീകരിച്ച് അലക്സിസ് ഓഹാനിയൻ പറഞ്ഞതിങ്ങനെ, “ലോസ് ആഞ്ചൽസിലേക്ക് ഒരു വനിതാ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് കൊണ്ടുവരുന്നതിനായി പ്രവർത്തിക്കുന്ന ഈ അത്ഭുതകരമായ സംഘത്തിന്റെ ഭാഗമാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം, പ്രധാനമായും ഞാൻ ഒരു ഫുട്ബോൾ ആരാധകനാണ്, മാത്രമല്ല കായികരംഗത്ത് വളരെയധികം സാധ്യതകളുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു,”അദ്ദേഹം പറഞ്ഞു.
തന്റെ മകളെ ഈ വിപ്ലവത്തിന്റെ മുന്‍നിരയില്‍ തന്നെ ഇരുത്തുന്നതില്‍ അതിയായ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിനുവേണ്ടിയാണ് താന്‍ ഇതില്‍ സാമ്പത്തികമായി നിക്ഷേപിക്കുന്നത്. ഇതിലൂടെ ഒട്ടേറെ വനിതകള്‍ക്ക് അവസരം ലഭിക്കുമെന്ന് കരുതുന്നു. മകളുടെ മികച്ച ഭാവിയുടെ ഭാഗമാകാന്‍ ഞാനും ഭാര്യയും അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ഒഹാനിയന് കൂട്ടിച്ചേർത്തൂ.