scorecardresearch

‘ഇത് നിന്റെ ദിവസമാണ്’; കൂവി വിളിച്ച ആരാധകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നവോമി, ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് സെറീന

സെറീന നവോമിക്ക് വെറും റോള്‍ മോഡല്‍ മാത്രമായിരുന്നില്ല. വളർന്ന് വലുതാകുമ്പോള്‍ ആരാകണമെന്ന് ചോദിച്ചാല്‍ ഒട്ടും ചിന്തിക്കാതെ അവള്‍ പറയുമായിരുന്നു സെറീനയെ പോലെ ലോകം കീഴടക്കുന്ന ടെന്നീസ് താരമാകണമെന്ന്.

‘ഇത് നിന്റെ ദിവസമാണ്’; കൂവി വിളിച്ച ആരാധകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നവോമി, ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് സെറീന

ന്യൂയോര്‍ക്ക്: തന്റെ റോള്‍ മോഡലിനെ പരാജയപ്പെടുത്തി ജപ്പാന്റേയും തന്റേയും ആദ്യ ഗ്രാന്റ് സ്ലാം കിരീടം നേടുമ്പോള്‍ നവോമിയുടെ മുഖത്ത് വികാരത്തിന്റെ തള്ളിക്കയറ്റമുണ്ടായിരുന്നില്ല. ചെറിയൊരു ചിരിയില്‍ ഒതുക്കി അവള്‍ ആ സന്തോഷത്തെ. എന്നാല്‍ കിരീടം ഏറ്റുവാങ്ങാനായി പോഡിയത്തിലേക്ക് എത്തിയതോടെ നവോമിയുടെ നിയന്ത്രണം നഷ്ടമായി. അവള്‍ പൊട്ടിക്കരഞ്ഞു. താന്‍ കരയുന്നത് ആരും കാണാതിരിക്കാന്‍ തല കുനിച്ചു നിന്ന് കണ്ണു തുടച്ചു.

ഗ്യാലറിയില്‍ നിന്നുമുയരുന്ന, സെറീനയ്‌ക്കെതിരായ അമ്പയറുടെ വിധിയ്‌ക്കെതിരായുള്ള പ്രതിഷേധങ്ങളോ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം വിവാദത്തില്‍ മുങ്ങി പോയതിന്റേയോ വിഷമമായിരുന്നു നവോമിയുടെ കണ്ണു നനയിച്ചത്. ടെന്നീസ് കളിക്കാന്‍ തന്നെ കാരണമായ, ആരെ പോലെ ആകണമെന്ന് ചോദിക്കുമ്പോള്‍ ഒട്ടും ചിന്തിക്കാതെ പറഞ്ഞിരുന്ന ഉത്തരമായിരുന്ന, സെറീനയെന്ന ഇതിഹാസത്തെ പരാജയപ്പെടുത്തിയത് വിശ്വസിക്കാനാകാതെയായിരുന്നു അവള്‍ വിതുമ്പിയത്.

”24-ാം ഗ്രാന്റ് സ്ലാം അവര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് എനിക്ക് അറിയാം. പക്ഷെ കോര്‍ട്ടിലേക്ക് എത്തുമ്പോള്‍ ഞാന്‍ വേറൊരു വ്യക്തിയാണ്. അവിടെ ഞാന്‍ സെറീനയുടെ ആരാധികയല്ല. ഒരു ടെന്നീസ് താരത്തെ നേരിടുന്ന മറ്റൊരു ടെന്നീസ് താരം മാത്രമാണ്. പക്ഷെ നെറ്റിന് അരികെ വച്ച് അവരെ കെട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ വീണ്ടും ആ കുട്ടിയായി മാറി” തന്റെ ഐഡലിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ കരഞ്ഞതിനെ കുറിച്ച് 20 കാരിയായ ഒസാക്ക പറയുന്നു.

ആഷെ സ്‌റ്റേഡിയത്തില്‍ നവോമി നേരിട്ടത് സെറീനയെ മാത്രമായിരുന്നില്ല. ആര്‍ത്തലയ്ക്കുന്ന പ്രോ സെറീന ആരാധകരേയുമായിരുന്നു. ഓപ്പണിങ് സെറ്റില്‍ തന്നെ സെറീനയെ 4-1 ന് ഒസാക്ക തകര്‍ത്തു. പണ്ട് വില്യംസിനെ താരമാക്കിയ സെര്‍വ്വുകളുടെ നിഴല്‍ വീണതായിരുന്നു നവോമിയുടെ സെര്‍വ്വുകളും. പിന്നാലെ കോച്ചിങ് കോഡ് വയലേഷന്റേയും റാക്കറ്റ് അബ്യൂസിനും സെറീനയ്ക്ക് പെനാല്‍റ്റി കിട്ടിയതോടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ നില്‍ക്കുകയായിരുന്നു ഒസാക്ക.

”എന്താണ് സംഭവിക്കുന്നത് എന്നെനിക്ക് മനസിലായില്ല. ഫോക്കസ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്റെ ആദ്യ ഗ്രാന്റ് സ്ലാമായത് കൊണ്ട് ആകാംക്ഷയും ആവേശവും എന്നെ കീഴടക്കാന്‍ പാടില്ലായിരുന്നു. സെറീന ബെഞ്ചിന് അടുത്തേക്ക് വരികയും എന്നോട് തനിക്ക് പോയിന്റ് പെനാല്‍റ്റി കിട്ടിയെന്നു പറയുകയും ചെയ്തു. അവര്‍ക്ക് ഗെയിം പെനാല്‍റ്റി കിട്ടിയതും എനിക്ക് അറിയില്ലായിരുന്നു. ആ സമയമത്രയും ഫോക്കസ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍” താരം പറയുന്നു.

അതേസമയം വിജയം ആഘോഷിക്കുന്നതിലെ നിസംഗതയ്ക്ക് മത്സരത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണമായിരുന്നില്ലെന്നും നവോമി പറയുന്നു. ”വലിയ ആഘോഷങ്ങള്‍ എനിക്ക് പതിവില്ല. പിന്നെ ഇത് സത്യമാണെന്ന് ഇനിക്ക് ഇപ്പോഴും തോന്നുന്നില്ല” താരം പറയുന്നു. കിരീടം ഏറ്റുവാങ്ങാനായി പോഡിയത്തിന് അരികിലെത്തിയ നവോമിയ്ക്ക് പക്ഷെ നിയന്ത്രണം നഷ്ടമായി. കരയുന്ന നവോമിയെ സെറീന ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. ഇത് ഇവളുടെ സമയമാണെന്നായിരുന്നു സെറീന പറഞ്ഞത്.

എന്തായാലും ഇതോടെ ആഘോഷങ്ങളിലേക്ക് പോകാന്‍ നവോമിയ്ക്ക് ഇഷ്ടമല്ല. ടോക്കിയോയില്‍ നടക്കുന്ന അടുത്ത ടൂര്‍ണമെന്റ് ജയിക്കുകയാണ് അടുത്ത ലക്ഷ്യം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Serena williams consoles naomi osaka after the japaneese stars epic win

Best of Express