കായിക താരങ്ങളെയൊക്കെ നമുക്ക് അറിയാമെങ്കിലും മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഭൂരിഭാഗം അംപയര്‍മാരേയും റഫറിമാരേയും നമ്മള് ശ്രദ്ധിക്കാറില്ല. എന്നാല്‍ കാര്‍ലോസ് റാമോസ് എന്ന ചെയര്‍ അംപയര്‍ ടെന്നീസ് ആരാധകര്‍ക്ക് ഏറെ പരിചിതനാണ്. പതിറ്റാണ്ടുകളുടെ അനുഭവപരിചയുളള പോര്‍ച്ചുഗീസ് അംപയര്‍ എന്നാല്‍ കഴിഞ്ഞ ദിവസം അധിക്ഷേപത്തിന് ഇരയായി. അധിക്ഷേപിച്ചതാകട്ടെ ടെന്നിസിലെ എക്കാലത്തേയും മികച്ച താരം സെറീന വില്യംസും.
ടെന്നീസ് അംപയറിങ്ങിലൂടെ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ റാമോസിനെ ‘കള്ളന്’ എന്നാണ് സെറീന വിളിച്ചത്. നവോമി ഒസാക്കയ്ക്ക് എതിരായ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനല്‍ മത്സരത്തിലാണ് സംഭവം. നവോമി ഒസാക്കയ്ക്ക് അനുകൂലമായി രണ്ട് പെനാൽറ്റികള്‍ റാമോസ് വിധിച്ചതാണ് സെറീനയെ പ്രകോപിപ്പിച്ചത്. കോച്ചിങ് സ്വീകരിച്ചതിനും റാക്കറ്റ് വലിച്ചെറിഞ്ഞതിനും ആണ് അംപയര്‍ സെറീനയ്ക്ക് പിഴ വിധിച്ചത്. ഇതോടെ നവോമിക്ക് പോയിന്റ് ലഭിക്കുകയും ചെയ്തു. ഇതോടെ അംപയര്‍ കള്ളനാണെന്നും മാപ്പ് പറയണമെന്നും സെറീന ഉറക്കെ വിളിച്ചു പറഞ്ഞു.
മത്സരത്തിന് ശേഷം കൂവി വിളിച്ചാണ് കാണികള്‍ 47കാരനായ അംപയറെ യാത്രയാക്കിയത്. താന്‍ റാമോസിനെ കള്ളനെന്ന് വിളിച്ചത് ചട്ടലംഘനമാണെന്ന് കരുതുന്നില്ലെന്ന് മത്സരശേഷം സെറീന പറഞ്ഞു. എത്ര വലിയ താരമായാലും കോര്‍ട്ടിലെ ലംഘനം ചൂണ്ടിക്കാട്ടാന്‍ മടി കാണിക്കാത്ത അംപയറാണ് റാമോസെന്ന് ടെന്നിസ് വിദഗ്ധര്‍ പറയുന്നു. ഗോള്‍ഡ് ബാഡ്ജുളള ചുരുക്കം ചിലം അംപയര്‍മാരില്‍ ഒരാളാണ് ഇദ്ദേഹം. താന്‍ ചെയ്തത് പുരുഷ അംപയര്‍ക്കെതിരായ ലൈംഗിക അധിക്ഷേപമല്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സെറീന പറഞ്ഞു.
‘അയാളൊരു കള്ളനാണെന്ന് പറയരുതായിരുന്നെന്ന് ഞാന്‍ ഇവിടെ ഇരുന്ന് കൊണ്ട് പറയില്ല. അയാള്‍ എന്റെ കൈയ്യില്‍ നിന്നും മത്സരം തട്ടിപ്പറിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. പുരുഷ താരങ്ങള്‍ അംപയര്‍മാരെ പലതും വിളിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സ്ത്രീകളുടെ അവകാശത്തിനും സമത്വത്തിനുമാണ് ഞാന്‍ കലഹിക്കുന്നത്. ഒരു പുരുഷതാരത്തോട് അദ്ദേഹം ഇതുവരെ ഇങ്ങനെ ചെയ്തു കാണില്ല. അതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്’, സെറീന പറഞ്ഞു. താന്‍ സ്ത്രീ ആയത് കൊണ്ടാണ് അംപയര്‍ ഇങ്ങനെ കാണിച്ചതെന്നായിരുന്നു സെറീനയുടെ വാക്കുകള്‍.
Everyone should listen to this from Serena Williams. pic.twitter.com/TF03dhpq2P
— Cameron Cox (@CamCox12) September 8, 2018
ഫൈനലിൽ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ആദ്യ ഗ്രാൻസ്ലാം ഒസാക്ക സ്വന്തമാക്കിയത്. ജപ്പാന് വേണ്ടി ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ താരം കൂടിയാണ് ഒസാക്ക. നവോമി ഒസാക്ക എന്ന ഇരുപത് വയസ്സുകാരി തോൽപ്പിച്ചത് സെറീന വില്യംസ് എന്ന ഇതിഹാസത്തിനൊപ്പം ചരിത്രത്തെയുമാണ്. 23 തവണ ഗ്രാൻസ്ലാം നേടിയ സെറീനയെ പകപ്പും പരിഭ്രമവുമില്ലാതെ നേരിട്ട ഒസാക്കക്ക് ആദ്യ ഗ്രാൻസ്ലാം നേട്ടത്തിന് രണ്ട് സെറ്റുകളുടെ സമയം മാത്രമാണ് വേണ്ടി വന്നത്.
ആദ്യ സെറ്റിൽ സെറീനക്ക് ഒരവസരവും നൽകാതെയായിരുന്നു ജപ്പാൻ താരത്തിന്റെ മുന്നേറ്റം. സെറീനയുടെ പിഴവുകൾ കൂടി ആയപ്പോൾ ആ സെറ്റ് 6-2ന് ഒസാക്ക സ്വന്തമാക്കി. രണ്ടാം സെറ്റിൽ ആദ്യം മുന്നിട്ട് നിന്നത് സെറീന. പിന്നീട് ഒസാക്കയുടെ തിരിച്ച് വരവ്. ഇതിനിടെയാണ് ചെയർ അംപയറുമായി സെറീന വില്യംസിന്റെ തർക്കം. ഒടുവിൽ 6-4ന് രണ്ടാം സെറ്റും മത്സരവും ഒസാക്കക്ക്.