Latest News

ധോണിയെ സെലക്ടർമാർ പറഞ്ഞ് മനസിലാക്കണം; തുറന്നടിച്ച് വീരേന്ദർ സെവാഗ്

ഇനി മുമ്പോട്ട് ധോണിയെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കാണാൻ സാധിക്കില്ലായെന്ന് വ്യക്തമാക്കണം

ms dhoni, virendar sehwag, എം.എസ്.ധോണി, വീരേന്ദർ സേവാഗ്,

ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായത് മുതൽ എല്ലാ ചർച്ചകളും എം.എസ്.ധോണിയെ കേന്ദ്രീകരിച്ചാണ്. താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനത്തിനായി ഒരുകൂട്ടം കാത്തിരിക്കുമ്പോൾ, അതിപ്പോൾ ഉണ്ടാകരുതെന്നാണ് ധോണി ആരാധകരുടെ പ്രാർഥന. മുൻ താരങ്ങൾ മുതൽ ആരാധകർ വരെ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് വാദിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ ഒരു പ്രസ്താവന ഉണ്ടായിരിക്കുന്നത് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിൽ നിന്നുമാണ്. സെലക്ടർമാർ ധോണിയെ പറഞ്ഞ് മനസിലാക്കണമെന്നാണ് സെവാഗ് പറയുന്നത്.

“എപ്പോൾ വിരമിക്കണം എന്നത് ധോണിയുടെ തീരുമാനം തന്നെയാണ്. എന്നാൽ സെലക്ടർമാരുടെ പണി ധോണിയെ പറഞ്ഞ് മനസിലാക്കുക എന്നതാണ്. ഇനി മുമ്പോട്ട് ധോണിയെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കാണാൻ സാധിക്കില്ലായെന്ന് വ്യക്തമാക്കണം. എന്നോടും അത്തരത്തിൽ സംസാരിച്ചിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, അങ്ങനെയെങ്കിൽ എനിക്ക് പറയാനുള്ളത് അവരെ അറിയിക്കാൻ എനിക്കും സാധിക്കുമായിരുന്നു,” സെവാഗ് പറഞ്ഞു.

Also Read: സിംബാബ്‍വെയുടെ ക്രിക്കറ്റ് കളി അവസാനിപ്പിച്ച് ഐസിസി; ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി

സെലക്ടർമാർ ധോണിയെ കണ്ട് മാറ്റി നിർത്തുവാണെന്ന് പറഞ്ഞാൽ പിന്നെ അദ്ദേഹത്തിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിക്കാൻ സാധിക്കും. വീണ്ടും തിളങ്ങാനായാൽ ദേശീയ ടീമിലോട്ട് പരിഗണിക്കാനും പറ്റുമെന്നും സേവാഗ് പറഞ്ഞു. ഒഴിവാക്കുന്നതിന് മുമ്പ് അയാളോട് സംസാരിക്കണം എന്നതാണ് അടിസ്ഥാന കാര്യമെന്നും സെവാഗ് വ്യക്തമാക്കി. ഋഷഭ് പന്തിന്റെ ഗ്രൂമറായി നിന്ന് താരത്തെ മെച്ചപ്പെടുത്തിയെടുക്കാൻ ധോണിക്ക് സാധിക്കുമെന്നും സെവാഗ് കൂട്ടിച്ചേർത്തു.

നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ യുവാക്കൾക്ക് ഇടം നൽകേണ്ട സമയമായെന്ന് മുൻ താരം ഗൗതം ഗംഭീർ പറഞ്ഞിരുന്നു. 2023 ൽ നടക്കുന്ന ലോകകപ്പ് മുന്നിൽക്കണ്ടാണ് ഗൗതമിന്റെ അഭിപ്രായം. ധോണി വിരമിക്കുകയാണെങ്കിൽ പകരക്കാരായി മൂന്നുപേരുടെ പേരുകളും 37 കാരനായ ഗംഭീർ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ മലയാളി താരമായ സഞ്ജു സാംസണും ഉണ്ട്. ”യുവാക്കളായ കളിക്കാർക്ക് അവസരം നൽകേണ്ട സമയമാണിത്. ഋഷഭ് പന്തോ സഞ്ജു സാംസണോ ഇഷാൻ കിഷനോ അല്ലെങ്കിൽ വിക്കറ്റ് കീപ്പറാകാൻ കഴിവുളള മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവരെ തിരഞ്ഞെടുക്കാം. ഒന്നോ ഒന്നര വർഷത്തേക്കോ ഒരാൾക്ക് അവസരം നൽകുക, അവൻ മികച്ച രീതിയിൽ കളിച്ചില്ലെങ്കിൽ മറ്റൊരാൾക്ക് അവസരം നൽകുക. അങ്ങനെ അടുത്ത ലോകകപ്പിൽ ആരായിരിക്കണം വിക്കറ്റ് കീപ്പറെന്ന് കണ്ടെത്താനാവും,” ഗംഭീർ പറഞ്ഞു.

Also Read: എം.എസ്.ധോണിക്ക് പകരക്കാരൻ ആര്? മൂന്നുപേരെ ചൂണ്ടിക്കാട്ടി ഗൗതം ഗംഭീർ

ഇന്ത്യ ലോകകപ്പ് സെമിയിൽനിന്നും പുറത്തായതോടെയാണ് ധോണി വിരമിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ പേർ രംഗത്തുവന്നത്. സ്വയം വിരമിക്കാന്‍ ധോണി തയ്യാറായില്ലെങ്കില്‍ ബിസിസിഐ ധോണിയെ വിരമിക്കാന്‍ നിര്‍ബന്ധിതനാക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ധോണിയുമായി ഇത് സംബന്ധിച്ച് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രസാദ് ധോണിയുമായി സംസാരിച്ച് താരത്തെ വിരമിക്കാനുള്ള തീരുമാനത്തിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Selectors should inform ms dhoni that he is no more says virender sehwag

Next Story
ക്രിക്കറ്റ് കിറ്റ് കത്തിച്ച് കളഞ്ഞ് വേറെ പണിക്ക് പോകണോ? ഐസിസിക്കെതിരെ സിംബാബ്‌വെ താരങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com