ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായ മഹേന്ദ്ര സിംഗ് ധോണി 2019 ൽ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് വരെ ടീമിലുണ്ടാകുമെന്ന് വ്യക്തമാക്കി സെലക്ടർമാർ. സെലക്ഷൻ കമ്മിറ്റി ചെയർമാൻ മുൻ ഇന്ത്യൻ താരം എംഎസ് പ്രസാദാണ് ധോണിയുടെ വിമർശകരുടെ വായടപ്പിച്ചത്.

ധോണിക്ക് പകരം ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കാത്തതാണ് ധോണിയെ നിലനിർത്താൻ കാരണമായി സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചൂണ്ടിക്കാട്ടിയത്. “റിഷഭ് പന്തിനെയാണ് ധോണിക്ക് പകരം വിക്കറ്റ് കീപ്പർ സ്ഥാനത്ത് പരീക്ഷിച്ചത്. എന്നാൽ റിഷഭ് പന്തിനൊന്നും ഈ സ്ഥാനത്ത് വേണ്ടത്ര ശോഭിക്കാൻ സാധിക്കുന്നില്ല. യുവതാരങ്ങൾക്ക് ഫിറ്റ്‌നെസ് കുറവാണ്”, സെലക്ഷൻ കമ്മിറ്റി ചെയർമാൻ പറഞ്ഞു.

ധോണി തന്നെയാണ് ലോകത്തെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് ഓരോ മത്സരം കഴിയുന്തോറും തെളിയിക്കപ്പെടുകയാണെന്ന് പ്രസാദ് പറഞ്ഞു. “ഇത് നാം ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു. ഇപ്പോൾ ശ്രീലങ്കയ്ക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ പ്രകടനം മാത്രം എടുത്തുനോക്കൂ. ധോണി എടുത്ത ക്യാച്ചുകളും നടത്തിയ സ്റ്റംപിംഗുകളും എത്ര മനോഹരമായിരുന്നു”, പ്രസീദ് ചൂണ്ടിക്കാട്ടി.

“ധോണിയുടെ ഒഴിവ് നികത്താൻ യുവതാരരങ്ങൾക്ക് ആവശ്യമായ കൂടുതൽ പരിശീലനം നൽകും”, പ്രസാദ് പറഞ്ഞു. വിരാട് കോഹ്ലി ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷം ധോണിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ മുൻ ഇന്ത്യൻ നായകൻ ഏറ്റുവാങ്ങുന്നതിനിടെയാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ തന്നെ ധോണിയെ പിന്തുണച്ച് നിലപാട് എടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ