വിന്റീസിനെതിരായ ടെസ്റ്റ് ടീമിൽ നിന്നും കരുൺ നായരെ ഒഴിവാക്കിയ സംഭവത്തിൽ പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി. ഇതേക്കുറിച്ചുളള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് രോഷാകുലനായി വിരാട് കോഹ്ലി മറുപടി പറഞ്ഞത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഒറ്റ മത്സരവും കളിപ്പിക്കാതെ വിന്റീസിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിനുളള ടീമിലേക്ക് പരിഗണിക്കാതിരുന്ന ഹനുമ വിഹാരിയാണ് വിന്റീസിനെതിരായ മത്സരത്തിൽ ഉൾപ്പെട്ടത്.

“എന്റെ പണി സെലക്ഷനല്ല. ടീമിനകത്ത് കളിക്കാരനെന്ന നിലയിൽ ഞങ്ങളോരോ പേരും ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നത്. എല്ലാപേരും അവരവരുടെ ജോലി മനസിലാക്കി പ്രവർത്തിക്കണം,” കോഹ്ലി പറഞ്ഞു.

“ചീഫ് സെലക്ടർ ഇതിനോടകം ഇക്കാര്യത്തിൽ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹമാണത് പറയേണ്ട ആളും. സെലക്ടർമാരുടെ തീരുമാനത്തെ കുറിച്ച് പുറത്തുളളവരോട് ചോദിച്ച് വിവാദമാക്കേണ്ട ആവശ്യമില്ല. ഇതിന് എന്തെങ്കിലും മറുപടി ഞാൻ പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല” എന്നും കോഹ്ലി പറഞ്ഞു.

“തീരുമാനങ്ങളെല്ലാം ഒരിടത്ത് നിന്ന് വരുന്നതാണെന്നാണ് ചിലരുടെ ധാരണ. അങ്ങിനെയല്ല നടക്കുന്നത്. വ്യത്യസ്തരായ ആളുകളുടെ വ്യത്യസ്തമായ അഭിപ്രായം കൂട്ടായ ചർച്ചയിലൂടെ ഉരുത്തിരിയുന്നതാണ്.” എന്നും ക്യാപ്റ്റനും ടീം മാനേജ്മെന്റിനും താരങ്ങളുടെ സെലക്ഷനിൽ പങ്കാളിത്തം ഉണ്ടെന്ന വാദം തളളി കോഹ്ലി പറഞ്ഞു.

ടീമിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് കരുൺ നായരുമായി സംസാരിച്ചിരുന്നുവെന്നാണ് ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ് പറഞ്ഞത്. എന്നാൽ എന്താണ് ടീം സെലക്ഷന്റെ മാനദണ്ഡമെന്ന് മനസിലാകുന്നില്ലെന്ന് വിമർശിച്ച് രംഗത്ത് വന്ന ഹർഭജൻ സിങാണ് ഈ വിഷയത്തിൽ ആദ്യ വെടി പൊട്ടിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ