ന്യൂഡൽഹി: അത്‌ലറ്റിക് ഫെഡറേഷൻ ഭാരവാഹികളും പി.ടി. ഉഷയും ചേർന്നാണ് പി.യു. ചിത്രയെ ലോക ചാന്പ്യൻഷിപ്പിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്നു സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജി.എസ്. രണ്‍ധാവ. ചിത്രയെ ഒഴിവാക്കിയത് കൂട്ടായ തീരുമാനമായിരുന്നുവെന്നും തന്റേത് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു പങ്കില്ലെന്നു പി.ടി. ഉഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ സെലക്ഷൻ കമ്മിറ്റിയിൽ അംഗമല്ലെന്നും നിരീക്ഷകയായാണ് യോഗത്തിൽ പങ്കെടുത്തതെന്നും ഉഷ പറഞ്ഞിരുന്നു. ലോകചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്ക് മറികടന്നവരെയും അതിനോടടുത്ത പ്രകടനം നടത്തിയവരെയും ടീമിലെടുത്താൽ മതിയെന്നത് അത്ലറ്റിക് ഫെഡറേഷന്റെ നിലപാടാണെന്നും ഉഷ വിശദീകരിച്ചു.