കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിലേക്ക് മറ്റൊരു താരത്തെക്കൂടി നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ്. വിങ്ങിലെ കൊടുംകാറ്റെന്ന്‌ ആരാധകർ വിശേഷിപ്പിക്കുന്ന ഇന്ത്യൻ താരം സെയ്‌ത്യാസെൻ സിങ് മഞ്ഞ കുപ്പായത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. മണിപ്പൂർ സ്വദേശിയായ 28വയസ്സുകാരനായ സെയ്‌ത്യാസെൻ സിങ്ങുമായുള്ള കരാർ രണ്ട് വർഷത്തേക്കാണ് കെബിഎഫ്‌സി ദീർഘിപ്പിച്ചിരിക്കുന്നത്.

രണ്ടാം ഡിവിഷൻ ഐ ലീഗ് ക്ലബ്ബായ റോയൽവാഹിങ്‌ഡോഹിൽ തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ച അദ്ദേഹം 2015 വരെ അവിടെ തുടർന്നു. അതിനുശേഷം ഐഎസ്എൽ രണ്ടാം സീസണിൽ ലോണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിൽ എത്തി. കളിക്കളത്തിലെ മിന്നും പ്രകടനം അതേ വർഷം തന്നെ അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചു. 2017 ന്റെ തുടക്കത്തിൽ സാൽഗോക്കർ എഫ്‌സിയിൽ ചേർന്നു. 2018ൽ ലോണിൽ ഡി‌എസ്‌കെ ശിവാജിയൻസിനായി കളത്തിലിറങ്ങിയ അദ്ദേഹം പിന്നീട് ഐഎസ്എൽ ടീമായ ഡൽഹി ഡൈനമോസിലെത്തി.

പിന്നീട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലേക്ക് തിരികെ ചേക്കേറിയ മണിപ്പൂർ താരം
ഐഎസ്എൽ ആറാം സീസണിലാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. പത്തു മത്സരങ്ങളിൽ നിന്നായി ഒരു ഗോളും ഒരു അസിസ്റ്റും ഉൾപ്പെടെ കരിയറിലെ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ച സെയ്ത്യസെൻ സിങ്ങുമായുള്ള കരാർ നീട്ടാൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരത, അനുഭവ സാമ്പത്ത്, ശ്രദ്ധേയമായ വേഗത, എതിരാളികളെ നേർക്കുനേർ സമർദ്ധമായി നേരിടാനും പന്തിന്റെ നിയന്ത്രണം നേടാനുമുള്ള കഴിവുകൾ എന്നിവ അദ്ദേഹത്തെ നിലനിർത്താൻ ക്ലബ്ബിന് പ്രേരണയേകി.

“കെ‌ബി‌എഫ്‌സിയുമായി കരാർ നീട്ടുന്നതിൽ ഞാൻ സന്തുഷ്ടനാണ്. കഴിഞ്ഞ സീസണിൽ എന്നെത്തന്നെ തെളിയിക്കാൻ ക്ലബ് എനിക്ക് അവസരം നൽകി. എന്റെ കഴിവുകളിൽ എനിക്ക് വിശ്വാസമുണ്ട്, ഒപ്പം ടീമിന്റെ വിജയത്തിന് സംഭാവന നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ക്ലബ്ബിനോടും കായിക വിനോദത്തോടും ഉള്ള ആവേശവും അഭിനിവേശവും ഞാൻ എല്ലായ്പ്പോഴും സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു, അവരുടെ മുന്നിൽ കളിക്കുമ്പോൾ എനിക്ക് സ്വന്തം വീട് എന്ന അനുഭവമാണ് ഉണ്ടാകാറ്. ” ക്ലബ്ബുമായുള്ള കരാർ വിപുലീകരണത്തെക്കുറിച്ച് സെയ്‌ത്യാസെൻ സിങ് പറഞ്ഞു.

ഐ‌എസ്‌എല്ലിലെ ഏറ്റവും മികച്ച വിംഗർമാരിൽ ഒരാളാണ് സെയ്ത്യാസെൻ, ഇരുകാലുകൾ കൊണ്ടും മിഡ്‌ഫീൽഡിന്റെ ഇടത്, വലത് വശങ്ങളിൽ ഞൊടിയിടയിൽ മികച്ച നീക്കങ്ങൾക്ക് പേരുകേട്ട അദ്ദേഹം കഴിഞ്ഞ സീസണിൽ ദീർഘനാളത്തെ പരിക്കിൽ നിന്ന് ഫിറ്റ്നസ്സിലേക്ക് മടങ്ങിയെത്തി വളരെയധികം കഠിനാധ്വാനം ചെയ്തു. ശ്രദ്ധേയവും ക്രിയാത്മകവുമായ പ്രകടനത്തിലൂടെ കഴിഞ്ഞ സീസണിൽ ടീമിനെ വളരെയധികം സഹായിച്ചു. അദ്ദേഹം ഞങ്ങളോടൊപ്പം തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്, വരാനിരിക്കുന്ന സീസണിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹം തീർച്ചയായും ടീമിനെ കൂടുതൽ ശക്തമാക്കും, ” കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook