മൊഹാലി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഐപിഎല്ലില്‍ തങ്ങളെ നയിക്കുക ആരായിരിക്കുമെന്ന് കിങ്സ് ഇലവന് പഞ്ചാബ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ബോളിങ്ങിന്റെ കുന്തമുനയായ ഓഫ് സ്പിന്നര്‍ ആര്.അശ്വിനാണ് പഞ്ചാബിന്റെ നായകന്. ഫെയ്സ്ബുക്കിലൂടെ ടീം മെന്റര്‍ വിരേന്ദര്‍ സെവാഗാണ് അശ്വിനെ നായകനായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്.
7.6 കോടിയ്ക്ക് അശ്വിനെ ടീമിലെടുത്തതു മുതല്‍ തന്നെ താരം നായകനാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ജനുവരിയില്‍ നടന്ന ലേലത്തില്‍ കനത്ത മൽസരത്തിനൊടുവിലായിരുന്നു അശ്വിനെ പഞ്ചാബ് ടീമിലെത്തിച്ചത്.
അതേസമയം, പഞ്ചാബ് ആരാധകരുടെ പ്രതീക്ഷ യുവരാജ് സിങ് നായകനാകുമെന്നായിരുന്നു. ടീമിലേക്ക് മടങ്ങിയെത്തിയ യുവിയെ നായകനാക്കുന്നത് കാത്തിരിക്കുകയായിരുന്നു 90 ശതമാനം ആരാധകരും. ടീമുടമ പ്രീതി സിന്റയുടേയും പ്രിയപ്പെട്ട താരമായ യുവിയ്ക്ക് നായകത്വം നല്‍കുമെന്ന് സൂചനകളുമുണ്ടായിരുന്നു.
ആ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്. ബോളര്‍മാര്‍ നായകരായി നേടിയ വിജയമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ടീമിനെ നയിച്ചതെന്ന് സെവാഗ് പറയുന്നു.
’90 ശതമാനം ആരാധകരും പറഞ്ഞത് യുവിയെ ക്യാപ്റ്റനാക്കണമെന്നായിരുന്നു. പക്ഷെ വ്യത്യസ്തനായ ഒരാളെയായിരുന്നു ഞാന്‍ തേടിയിരുന്നത്. ടീമിനെ നയിക്കുന്നത് ഒരു ബോളറായിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വസീം അക്രമിന്റേയും വഖാര്‍ യൂനിസിന്റേയും കപില്‍ ദേവിന്റേയും നായക മികവിന്റെ ആരാധകനാണ് ഞാന്‍.’ സെവാഗ് പറയുന്നു.
‘ഞങ്ങളുടെ ടീമിന്റെ ക്യാപ്റ്റനാകാനും ഒരു ബോളറായിരിക്കും യോഗ്യനെന്ന് തോന്നി. യുവരാജും ഞങ്ങളുടെ മനസിലുണ്ടായിരുന്നു. പക്ഷെ സപ്പോര്‍ട്ട് സ്റ്റാഫും ടീമുടമകളും അശ്വിനെ നായകനാക്കാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.’ സെവാഗ് വ്യക്തമാക്കുന്നു.
‘യുവരാജ് എന്റെ അടുത്ത സുഹൃത്താണ്. പക്ഷെ ക്രിക്കറ്റിനെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതില്‍ സൗഹൃദം സ്വാധീനിക്കാറില്ല. ദീര്‍ഘകാലത്തേക്കുള്ളതാണ് തീരുമാനം. അടുത്ത മൂന്നോ നാലോ സീസണ് വരെ അശ്വിന് ടീമിനെ നയിക്കുമെന്നാണ് കരുതുന്നത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പഞ്ചാബിനെ ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ സെമി വരെ എത്തിച്ചത് യുവിയുടെ ക്യാപ്റ്റന്‍സിയായിരുന്നു. പിന്നീട് ടീം വിട്ട യുവി പുണെ വാരിയേഴ്സിനായും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും സണ്‍റൈസേഴ്സ് ഹൈദരാബാദിനായും കളിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം എവിടേയും പുറത്തെടുക്കാന്‍ യുവിയ്ക്ക് സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.
ലേലത്തില്‍ രണ്ട് കോടിയ്ക്കാണ് യുവിയെ പഞ്ചാബ് ടീമിലെത്തിച്ചത്. യുവി പഞ്ചാബില്‍ മടങ്ങിയെത്തിയതില്‍ സന്തോഷമറിയിച്ച് പ്രീതി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.