മുംബൈ: ഇംഗ്ലണ്ടില്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടീമിനെതിരേയും പരിശീലകന്‍ രവിശാസ്ത്രിയ്‌ക്കെതിരേയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുന്‍ താരവും ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനുമായ സൗരവ്വ് ഗാംഗുലിയടക്കമുള്ളവര്‍ രവി ശാസ്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ശാസ്ത്രിയും മറുപടി നല്‍കുകയുണ്ടായി. വിദേശത്ത് കളി ജയിക്കാനാകുന്ന ടീമാണ് ഇപ്പോഴുള്ളത് എന്നായിരുന്നു ശാസ്ത്രിയുടെ പ്രസ്താവന.
ഇതിന് മറുപടിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് സാക്ഷാല്‍ വിരേന്ദര്‍ സെവാഗാണ്. ശാസ്ത്രിയോട് വാചകമടി നിര്‍ത്തണമെന്നാണ് സെവാഗ് പറഞ്ഞു വെക്കുന്നത്.’ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്തും വിദേശത്ത് ഒരു ടെസ്റ്റ് വിജയം നേടാന്‍ ഇന്ത്യക്കായിട്ടുണ്ട്. പരമ്പര നേടാനായിരുന്നില്ല എന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഗാംഗുലിയുടെ കാലത്ത് നിന്നും നമ്മള്‍ ഇനിയും പുരോഗമിച്ചിട്ടില്ല,’ സെവാഗ് പറഞ്ഞു.
‘അങ്ങനെ ചെയ്യും, ഇങ്ങനെ ചെയ്യും എന്നൊക്കെ കരയ്ക്കിരുന്ന് എത്ര വേണമെങ്കിലും അവകാശവാദം ഉന്നയിക്കാം. എന്നാല്‍, കളത്തിലാണ് അതു കാണേണ്ടത്. കരയ്ക്കിരുന്ന് നമ്മള്‍ സംസാരിക്കുന്നതിനു പകരം കളത്തില്‍ ബാറ്റും ബോളുമാണ് ‘സംസാരിക്കേണ്ടത്’. അതില്ലെങ്കില്‍ വിദേശത്തു മികച്ച റെക്കോര്‍ഡൊന്നും നേടാന്‍ ഒരു ടീമിനുമാകില്ല’ സെവാഗ് കൂട്ടിച്ചേര്‍ത്തു. അനില്‍ കുംബ്ലെയ്ക്കു പകരം പരിശീലകനാകാന്‍ രവി ശാസ്ത്രിക്കൊപ്പം അപേക്ഷ സമര്‍പ്പിച്ചവരില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് സെവാഗ് എന്നതും ശ്രദ്ധേയമാണ്.
ഗാംഗുലി നായകനായിരുന്ന കാലത്ത് ഇന്ത്യയുടെ ബാറ്റിങ് നിര ലോകോത്തരമായിരുന്നുവെന്നും അന്ന് ബാറ്റ്‌സ്മാന്മാര്‍ റണ്‍സ് നേടുമ്പോള്‍ ബൗളര്‍മാര്‍ 20 വിക്കറ്റ് നേടനാവാതെ പോവുകയായിരുന്നു. എന്നാലിന്ന് കാര്യം നേരെ മറിച്ചാണെന്നും സെവാഗ് പറഞ്ഞു. ബൗളര്‍മാര്‍ 20 വിക്കറ്റ് വീഴ്ത്തുമ്പോള്‍ ബാറ്റ്‌സ്മാന്മാര്‍ 300 റണ്‍സു പോലും എടുക്കാന്‍ സാധിക്കുന്നില്ലെന്നും സെവാഗ് ചൂണ്ടിക്കാണിച്ചു.