ഇന്ത്യയ്ക്ക് ഒട്ടനവധി വിജയങ്ങള്‍ സമ്മാനിച്ച ഹിറ്റ് ഓപ്പണിംഗ് കൂട്ടുകെട്ടായ വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും വീണ്ടും ഒരങ്കത്തിന് തയ്യാറാകുന്നു. ഈ ഇന്നിംഗ്സ് പക്ഷെ കളിക്കളത്തിന് പുറത്താണെന്ന് മാത്രം. ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ്സ് ക്രിക്കറ്റ് അസോസിയേഷന്റെ പുതുതായി രൂപീകരിച്ച ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുകളിലൊന്നായ വീരും ഗൗതിയും.
സെവാഗിനും ഗംഭീറുമൊപ്പം മുന്‍ താരങ്ങളായ ആകാശ് ചോപ്രയും രാഹുല്‍ സാഗ്വിയുമുണ്ട് കമ്മറ്റിയില്‍. കോച്ചുമാരെ തിരഞ്ഞെടുക്കുന്നതിലും സെലക്ടമമാരെ നിശ്ചയിക്കുന്നതിലടക്കം കമ്മിറ്റി ഇടപെടാന്‍ സാധിക്കും.
നിലവില്‍ കളിക്കാരനായ ഗംഭീറിനെ കമ്മിറ്റിയില്‍ എടുത്തതിനെ ചൊല്ലി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ലോധാ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടു തന്നെയാണ് കമ്മിറ്റിയെ തീരുമാനിച്ചതെന്ന് ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ്മ പറഞ്ഞു. താരമായ ഗംഭീര്‍ തന്നെ സെലക്ടമാരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. എന്നാല്‍ പ്രത്യേക ക്ഷണിതാവായിട്ടാണ് ഗംഭീറിനെ കമ്മറ്റിയിലെടുത്തതെന്നാണ് വിശദീകരണം.
കഴിഞ്ഞ വര്‍ഷം ഡിഡിസിഎയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി ഗംഭീര്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ നീക്കം കോടതി തടയുകയായിരുന്നു. ശര്‍മ്മ അധികാരത്തിലെത്തിയതോടെ ഗംഭീര്‍ സുപ്രധാന പദവികളിലേക്ക് എത്തുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. സെവാഗിന് സ്വന്തമായി ക്രിക്കറ്റ് അക്കാദമിയുണ്ട്. കൂടാതെ ശര്‍മ്മയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇന്ത്യാ ടിവിയിലെ ക്രിക്കറ്റ് വിദഗ്ധനുമാണ്. ഇതും ലോധാ കമ്മിറ്റി നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാല്‍ ലോധാ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയാണെങ്കില്‍ കമ്മിറ്റിയില്‍ ക്വാളിറ്റിയുള്ള ആളുകളുണ്ടാകില്ലെന്നാണ് ശര്‍മ്മ പറയുന്നത്. ക്രിക്കറ്റിനെ കുറിച്ച് അറിവും അനുഭവമുള്ളവരെ കമ്മിറ്റിയിലെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.