ആർക്കും വേണ്ടാതെ ഐപിഎൽ താരലേലത്തിൽ പുറന്തളളപ്പെടുമെന്ന് കരുതിയ താരമാണ് ക്രിസ് ഗെയ്ൽ. സമീപകാല ക്രിക്കറ്റ് റെക്കോർഡുകളെല്ലാം താരത്തിന് തിരിച്ചടിയായി. എന്നാൽ വീരേന്ദർ സെവാഗ് മാത്രം അർപ്പിച്ച വിശ്വാസമാണ് ക്രിസ് ഗെയ്‌ലിനെ കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമാക്കി മാറ്റിയത്.

അടിസ്ഥാന വിലയായ രണ്ടുകോടി രൂപയ്ക്കാണ് താരത്തെ ടീമിലെടുത്തത്. ആ പണം പാഴായി എന്ന് വിമർശിച്ചവരും പരിഹസിച്ചവരുമാണേറെ. പക്ഷെ തന്റെ ബാറ്റ് കൊണ്ട് തന്നെ ക്രിസ് ഗെയ്ൽ ആ വിമർശനങ്ങൾക്ക് മറുപടി കൊടുത്തു. ഐപിഎൽ കരിയറിലെ ആറാം സെഞ്ചുറി തികച്ച ഗെയ്ൽ അങ്ങിനെ വീണ്ടും ഇന്ത്യൻ പ്രീമിയർ ലീഗ് കുട്ടിക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമായി.

ഐപിഎല്ലിൽ ഈ സീസണിൽ ആകെ കളിച്ച രണ്ട് മൽസരങ്ങളിലും മികവുറ്റ പ്രകടനമാണ് ഗെയ്ൽ കാഴ്ചവച്ചത്. ചെന്നൈക്കെതിരെ 22 പന്തിൽ അർദ്ധസെഞ്ചുറി നേടിയ ഗെയ്ൽ അടിച്ചുകൂട്ടിയത് നാല് സിക്സുകളായിരുന്നെങ്കിൽ ഇന്നലെ 11 സിക്‌സറുകളാണ് താരം അടിച്ചത്. അതിൽ ആറും ലോക ഒന്നാം നമ്പർ ടി20 ബോളറായ റാഷിദ് ഖാന് നേർക്കും.

ഐപിഎല്ലിന്റെ 11-ാം സീസണിലും ആവേശപ്പോരിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഗെയ്ൽ. ഇന്നലത്തെ സെഞ്ചുറി ഇതിന് ഏറെ സഹായകരമായി. പക്ഷെ ഈ തിരിച്ചുവരവിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്രിസ് ഗെയ്ൽ.

“ഒരുപാടധികം പേർ കരുതിയത് ഞാൻ ഏറെ പ്രായമുളള കളിക്കാരനാണെന്നാണ്. പക്ഷെ ഈ ഇന്നിങ്സോടെ എനിക്കിനി ഒന്നും തെളിയിക്കാനില്ലെന്നായി. കിങ്സ് ഇലവൻ പഞ്ചാബിനൊപ്പം ചേർന്ന ശേഷം സെവാഗ് എന്നോട് ആവശ്യപ്പെട്ടത് യോഗയും മസാജും മുടക്കരുതെന്നാണ്. അതാണ് ഈ മടങ്ങിവരവിന്റെ സീക്രട്ട് എന്നാണ് എന്റെ തോന്നൽ,” ക്രിസ് ഗെയ്ൽ പറഞ്ഞു.

സീസണിലെ ആദ്യ സെഞ്ചുറിയോടെ ഐപിഎല്ലിൽ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ക്രിസ് ഗെയ്ൽ. അതുകൊണ്ട് തന്നെ മകൾ നടാഷയുടെ രണ്ടാം പിറന്നാളിന്, അവൾക്കായാണ് അച്ഛന്റെ ആറാം ഐപിഎൽ സെഞ്ചുറി ഗെയ്ൽ സമർപ്പിച്ചിരിക്കുന്നത്. ഇന്നലെ സെഞ്ചുറി നേടിയ ശേഷം കെവിൻ പീറ്റേഴ്‌സന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നാണ് സാറയുടെ പിറന്നാൾ. ഇന്ത്യയിലുളള കുടുംബത്തിനൊപ്പമാണ് ഈ ദിവസം പൂർണമായും ചിലവഴിക്കുകയെന്നും താരം വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ