scorecardresearch

ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍ പ്രീ: സെബാസ്റ്റ്യന്‍ വെറ്റലിന് വിജയം; ലൂയിസ് ഹാമില്‍ടണ്‍ രണ്ടാമത്

നാലു തവണ ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായ വെറ്റലിന്റെ 2017 സീസണിലെ രണ്ടാമത്തെ തുടര്‍ച്ചയായ വിജയമാണിത്

Sebastian Vettel, Formula 1

മനാമ: അത്യന്തം ആവേശം വിതറിയ ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍ പ്രീ കാറോട്ട മത്സരത്തില്‍ ഫെറാറി ഡ്രൈവര്‍ സെബാസ്റ്റിയന്‍ വെറ്റലിന് ജയം. സാഖിറിലെ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ഗ്രാന്‍ പ്രീയില്‍ 57 ലാപ്പില്‍ ഒരു മണിക്കൂര്‍ 33 മിനിറ്റ് 53 സെക്കന്റിലാണ് വെറ്റല്‍ ഫെറാറിയെ വിജയ തീരത്തടുപ്പിച്ചത്. വെറ്റലിന് 25 പോയിന്റുണ്ട്. വെളളിയാഴ്ച ആദ്യ ദിനത്തിലെ യോഗ്യതാ റൗണ്ടിലും സെബാസ്റ്റിയന്‍ വെറ്റലായിരുന്നു മുന്നില്‍.

മെര്‍സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണാണ് രണ്ടാം സ്ഥാനത്ത്. 18 പോയിന്റാണ് ഹാമില്‍ട്ടണ് ലഭിച്ചത്. 15 പോയിന്റുമായി മെര്‍സിഡിസ് ടീം അംഗം വാള്‍ട്ടേരി ബോട്ടാസ് ആണ് മൂന്നാം സ്ഥാനത്തായി.
ജര്‍മ്മന്‍ ഡൈവറായ വെറ്റലിന്റെ കാറോട്ടം തന്നെ അതിമനോഹരമായിരുന്നു. പോള്‍ പൊസിഷ്യനില്‍ തുടങ്ങി മുന്നിലായിരുന്ന ബോട്ടാസിനെ പത്താമെത്തെ ലാപ്പില്‍ മറികടന്നാണ് വെറ്റല്‍ മുന്നേറ്റം തുടങ്ങിയത്. ഹാമില്‍ട്ടണും ബോട്ടാസും ശക്തമായ വെല്ലുവിളി ഉയര്‍ത്തി. അഞ്ചര കിലോമീറ്ററില്‍ 57 ലാപ്പ് ആണ് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിനുള്ളത്. വിജയ സാധ്യത കല്‍പ്പിച്ചിരുന്ന ലൂയിസ് ഹാമില്‍ടണ് പിറ്റ് എന്‍ട്രിയില്‍ പതുക്കെ ഓടിച്ചതിന് അഞ്ചു സെക്കന്‍ഡ് പിഴയും ചുമത്തി. ഇതോടെ ലഭിച്ച മുന്‍തൂക്കം വെറ്റല്‍ അവസാനം വരെ കാത്തു സൂക്ഷിച്ചു. തന്റെ മുന്നേറ്റം അന്തിമ ലാപ്പില്‍ പകുതിയെത്തിയപ്പോള്‍ ഉണ്ടായ വെടിക്കെട്ട് അത്യന്തം ആവേശം നല്‍കിയതായി വെറ്റല്‍ പറഞ്ഞു.

ലൂയിസ് അവസാനം വരെ വെല്ലുവിളി ഉയര്‍ത്തിയെന്ന് മത്സര ശേഷം വെറ്റല്‍ പ്രതികരിച്ചു. മത്സരം തീര്‍ന്നയുടന്‍ വെറ്റലിനെ, മെര്‍സിഡസ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ടണ്‍ ഹസ്തദാനം ചെയ്ത് അഭിനന്ദിച്ചു. പിറ്റ് ലൈനില്‍ സമയം നഷ്ടപ്പെടുത്തിയത് വീഴ്ചയാണെന്നും അതിന് ആരാധകരോട് ക്ഷമ ചോദിക്കുന്നതായും മൂന്നു തവണ ഫോര്‍മുല വണ്‍ ചാമ്പ്യനായിരുന്ന ഹാമില്‍ടണ്‍ പറഞ്ഞു. പോയിന്റ് നഷ്ടപ്പെടുക എന്നത് സങ്കടകരം തന്നെ. ടീമായി പോരാടുമെന്നും ഫെറാറി മികച്ച പ്രകടനം കാഴ്ചവെച്ചതായും ഹാമില്‍ടണ്‍ പറഞ്ഞു.

ശനിയാഴ്ച നടന്ന രണ്ടാം യോഗ്യത റൗണ്ടില്‍ ബോട്ടാസായിരുന്നു ഒന്നാമത്. ഇന്നലെ ഫൈനല്‍ റെയ്‌സില്‍ ബോട്ടാസ് പോള്‍ പൊസിഷ്യനിലായിരുന്നു. ബോട്ടാസിന്റെ ഫോര്‍മുല വണ്‍ കരിയറില്‍ ആദ്യമായാണ് റെയ്‌സില്‍ പോള്‍ പൊസിഷ്യന്‍ ലഭിച്ചത്. എന്നാല്‍ ഈ ആനുകൂല്യം മുതലെടുക്കാന്‍ ബോട്ടാസിനായില്ല. മത്സരത്തിലുടനീളം വേഗം നിലനിര്‍ത്താന്‍ ബോട്ടാസിനായില്ല.

നാലു തവണ ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായ വെറ്റലിന്റെ 2017 സീസണിലെ രണ്ടാമത്തെ തുടര്‍ച്ചയായ വിജയമാണിത്. ഇതോടെ ഫോര്‍മുല വണ്‍ ടയ്റ്റില്‍ റെയ്‌സില്‍ വെറ്റലിന് ലൂയിസിനുമേല്‍ ഏഴ് പോയിന്റിന്റെ ലീഡായി. ഈ മാസം 30ന് റഷ്യയില്‍ നടക്കുന്ന റെയ്‌സില്‍ വെറ്റലിന് മുന്‍തൂക്കവുമായി. വെറ്റലിന്റെ കരിയറിലെ 45ാമത്തെ വിജയമാണ് ഞായറാഴ്ച ബഹ്‌റൈനില്‍ ഉണ്ടായത്. സെബാസ്റ്റിയന്‍ വെറ്റലിന്റെ ബഹ്‌റൈന്‍ ഗ്രാന്‍ പ്രീയിലെ മൂന്നാമത്തെ വിജയവുമാണിത്. റെഡ്ബുള്ളിനു വേണ്ടി 2012ലും 2013ലും വെറ്റല്‍ വിജയിച്ചിരുന്നു. വര്‍ഷങ്ങളായി റെയ്‌സ് ട്രാക്കിലുള്ള മെര്‍സിഡിന്റെ മേല്‍ക്കൈയാണ് ഫെറാറി തകര്‍ത്തത്. 2007നു ശേഷം ഫോര്‍മുല വണ്‍ വിജയം ഫെറാറിയുടെ പേരിലുണ്ടായിരുന്നില്ല.
കിം റാല്‍ക്കോനെന്‍(ഫെറാറി), ഡാനിയല്‍ റിക്കോര്‍ഡോ(റെഡ്ബുള്‍), ഫെലിപ്പെ മാസ്സാ(വില്ല്യംസ്), സെര്‍ജിയോ പെരെസ്(ഫോഴ്‌സ് ഇന്‍ഡ്യ), റെമൊയ്ന്‍ ഗ്രോസ്‌റെയ്‌സ് (ഹാസ്), നികോ ഹള്‍കെന്‍ബെര്‍ഗ് (റിനോള്‍ട്ട്), ഈസെ്റ്റബെന്‍ ഒകോണ്‍ (ഫോഴ്‌സ് ഇന്‍ഡ്യ) എന്നിവരാണ് നാലു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍. പരേഡ് ലാപില്‍ ബ്രേക്ക് തകരാര്‍ മൂലം റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പന് 11-ാം ലാപ്പില്‍ പൂര്‍ത്തിയാക്കാനായില്ല.

കഴിഞ്ഞ തവണ ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍ പ്രീയില്‍ ജര്‍മന്‍ ഡ്രൈവറായ മെഴ്‌സിഡിസിന്റെ റികോ റോസ്‌ബെര്‍ഗാണ് ചാമ്പ്യനായത്. 57 ലാപ്പില്‍ ഒരു മണിക്കൂര്‍ 33മിനിറ്റ് 34.696 സെക്കന്റിലാണ് അന്ന് റോസ്‌ബർഗ് ഫിനിഷ് ചെയ്തത്.

വൈകീട്ട് ആറിനാണ് കാറോട്ട മത്സരം തുടങ്ങിയത്. പിന്നീട് മത്സരം ഫ്ളഡ്‌ലിറ്റിലേയ്ക്ക് മാറി.
കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ ചൂട് കുറവായിരുന്നു ഇന്നലെ. 24 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. സര്‍ക്യൂട്ടില്‍ ഇന്നലെയും വന്‍ തിരക്ക് അനുഭവപ്പെട്ടു. പലരും കുടുംബമായാണ് ഇവിടെയത്തെിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാറോട്ട പ്രേമികള്‍ ഇവിടെയത്തെിയിരുന്നു. ഗ്രാന്‍ പ്രീയോടനുബന്ധിച്ച് നിരവധി സംഗീതപരിപാടികളും പ്രദര്‍ശനങ്ങളും നടക്കുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sebastian vettel wins formula one bahrain grand pre