Latest News

ദുസ്വപ്നമായി വീണ്ടും അബട്ടിന്റെ പന്തേറ്; വേഗതയേറിയ ബൗണ്‍സറില്‍ താരത്തിന് പരുക്ക്

ഫിലിപ് ഹ്യൂഗ്‍സ് മരിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ആബട്ടിന്റെ പന്തേറില്‍ മറ്റൊരു താരത്തിന് കൂടി പരുക്ക്

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഫിലിപ് ഹ്യൂഗ്സിന്റെ മരണത്തിലേക്ക് നയിച്ച വേഗതയേറിയ പന്തേറിന് ശേഷം മറ്റൊരു താരത്തിന് കൂടി ദുസ്വപ്നമായി സീന്‍ അബട്ടിന്റെ പന്തേറ്. ഹ്യൂഗ്സ് മരിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അബട്ടിന്റെ പന്തേറില്‍ മറ്റൊരു താരത്തിന് കൂടി പരുക്കേറ്റു. ഓസ്ട്രേലിയയുടെ ആഭ്യന്തര ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെയാണ് ബാറ്റ്സ്മാന് പരുക്കേറ്റത്. തുടര്‍ന്ന് അദ്ദേഹം മത്സരത്തില്‍ നിന്ന് പുറത്ത് പോവുകയും ചെയ്തു.

മെല്‍ബണില്‍ ന്യൂ സൗത്ത് വൈല്‍സും വിക്ടോറിയയും തമ്മിലുളള മത്സരത്തിനിടെയാണ് സംഭവം. വില്‍ പുകോസ്കിയുടെ ഹെല്‍മറ്റിന്റെ ഇടത് ഭാഗത്താണ് വേഗതയില്‍ എറിഞ്ഞ പന്ത് കൊണ്ടത്. ശക്തിയായ പന്ത് കൊണ്ട് പരുക്കേറ്റ പുകോസ്കി തളര്‍ന്ന് മുട്ടുകാലില്‍ നിലത്തിരുന്നു. തുടര്‍ന്ന് അദ്ദേഹം അര്‍ദ്ധബോധാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തു. തുടര്‍ന്ന് അംബയര്‍ മെഡിക്കല്‍ സംഘത്തെ വിളിക്കുകയായിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ അദ്ദേഹത്തെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. സംഭവം കണ്ടുനിന്ന ആബട്ടും തീര്‍ത്തും അസ്വസ്ഥനായാണ് കാണപ്പെട്ടത്. തുടര്‍ന്ന് വിക്ടോറിയ നായകന്‍ ആരോണ്‍ ഫിഞ്ച് അബട്ടിനോട് സംസാരിച്ച് അദ്ദേഹത്തെ ശാന്തനാക്കുകയും ചെയ്തു.

20കാരനായ പുകോസ്കിയ്ക്ക് നേരത്തേയും തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഹൈസ്കൂള്‍ കാലഘട്ടത്തില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന അദ്ദേഹത്തിന് എതിര്‍താരത്തിന്റെ മുട്ടിനിടിച്ച് തലയ്ക്ക് സാരമായ പരുക്കേറ്റിരുന്നു. തുടര്‍ന്ന് ആറ് മാസം അദ്ദേഹം കളിക്കളത്തില്‍ നിന്നും വിട്ടു നിന്നു. തുടര്‍ന്ന് അദ്ദേഹത്തിന് നിരവധി തവണ തലയ്ക്ക് പരുക്കേറ്റു. കഴിഞ്ഞ നവംബറിലും ക്രിക്കറ്റ് മത്സരത്തിനിടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.
ഓസ്ട്രേലിയന്‍ ടെസ്റ്റ് ബാറ്റ്സ്മാനായ ഹ്യൂഗ്സ് പരുക്കിനെ തുടര്‍ന്ന് മരിച്ചത് 2014ലാണ്. നവംബറില്‍ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അബട്ട് തന്നെയാണ് പന്തെറിഞ്ഞത്. ന്യൂ സൗത്ത് വെയ്ല്‍സും ദക്ഷിണ ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന പ്രാദേശിക മത്സരത്തിനിടെയായിരുന്നു ഹ്യൂഗ്‌സിന് പരിക്കേറ്റത്.

ദക്ഷിണ ഓസ്‌ട്രേലിയക്ക് വേണ്ടി ബാറ്റ് ചെയ്ത ഹ്യൂഗ്‌സ് 63 റണ്‍സ് എടുത്ത് നില്‍ക്കവെയാണ് സീന്‍ അബട്ട് എറിഞ്ഞ പന്ത് തലയില്‍കൊണ്ടത്. ഹെല്‍മെറ്റുണ്ടായിരുന്നെങ്കിലും തലയില്‍ പന്ത് കൊണ്ടയുടന്‍ ഹ്യൂഗ്‌സ് തളര്‍ന്നു വീഴുകയായിരുന്നു.

പരിക്കേറ്റയുടന്‍ ഹ്യൂഗ്‌സിനെ ഹെലികോപ്റ്ററില്‍ സിഡ്‌നിയിലെ സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. 2009ല്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ അംഗമായ ഹ്യൂഗ്‌സ് 26 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sean abbott bouncer strikes batsman on helmet in chilling phillip hughes reminder watch video

The moderation of comments is automated and not cleared manually by malayalam.indianexpress.com