പട്യാല: ആഗോള സ്പോർട്സ് ഉൽപന്ന നിർമാതാക്കളായ അഡിഡാസ്, ഇന്ത്യൻ സ്പ്രിൻറ് താരവും മുൻ അണ്ടർ-20 ലോക ചാംപ്യനുമായ ഹിമാദാസിന്റെ പേര് പതിച്ച ഷൂകൾ പ്രത്യേകമായി രൂപകൽപന ചെയ്ത് പുറത്തിറിക്കിയിട്ടുണ്ട്. എന്നാൽ ഇതേ അഡിഡാസ് കമ്പനിയുടെ ഷൂവിനായി കൊതിച്ച പഴയകാലം തനിക്കുണ്ടായിരിന്നതായി വെളിപ്പെടുത്തുകയാണ് ഹിമ ദാസ്. തനിക്ക് ലഭിച്ച വിലകുറഞ്ഞ സ്പൈക്കിൽ അഡിഡാസ് എന്ന് കൈകൊണ്ട് എഴുതി വച്ചിരുന്ന ഒരു കാലം വർഷങ്ങൾക്ക് മുൻപ് തനിക്കുണ്ടായിരുന്നതായി ഹിമ ദാസ് പറഞ്ഞു. ക്രിക്കറ്റ് താരം സുരേഷ് റയ്ന കൂടി പങ്കെടുത്ത ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ഇക്കാര്യം ഹിമ പങ്കുവച്ചത്.

നിലവിൽ ലോക്ക്ഡൗണിൽപെട്ട് പട്യാലയിലെ നാഷനൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിയുകയാണ് ഹിമ. ദേശീയ തലത്തിലുള്ള ആദ്യ മത്സരത്തിൽ കർഷകനായ തന്റെ പിതാവ് വാങ്ങിത്തന്ന സാധാരണ സ്പൈക്ക് ധരിച്ചാണ് താൻ പങ്കെടുത്തതെന്നും ഹിമ പറഞ്ഞു.

Also Read: അന്നേ വിരമിക്കലിനെക്കുറിച്ച് ആലോചിച്ചിരുന്നു; തീരുമാനത്തിന് പിന്നിൽ ഓസിസ് താരമെന്ന് യുവരാജ്

” ഞാൻ ഓട്ടം തുടങ്ങിയപ്പോൾ ഓടിയത് വെറും കാലിലായിരുന്നു. പക്ഷേ എന്റെ ആദ്യ ദേശീയതല മത്സരത്തിനായി എന്റെ പിതാവ് സ്പൈക്കുകളുള്ള റണ്ണിങ്ങ് ഷൂകൾ വാങ്ങിത്തന്നു. അത് സാധാരണ റണ്ണിങ്ങ് ഷൂകളായിരുന്നു. അതിൽ അഡിഡാസ് എന്ന് ഞാൻ കൈകൊണ്ട് എഴുതി വച്ചിരുന്നു. നിങ്ങൾക്ക് ഒരിക്കലും അറിയില്ല വിധി എന്താണ് ചെയ്യുകയെന്ന്, അഡിഡാസ് ഇപ്പോൾ എന്റെ പേരു പതിച്ച ഷൂകൾ ഇറക്കുന്നു. “- 20 കാരിയായ ഹിമ പറഞ്ഞു.

2018ൽ ഫിൻലൻഡിൽ നടന്ന അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഹിമയെ അഡിഡാസ് അവരുടെ ബ്രാൻഡ് അംബാസഡറാക്കിയിരുന്നു. പിന്നീട് അവരുടെ പേര് പതിച്ച പ്രത്യേക ഷൂകളും അഡിഡാസ് രൂപകൽപന ചെയ്ത് പുറത്തിറക്കി. ഒരു വശത്ത് ഹിമയുടെ പേരും മറുവശത്ത് ‘ക്രിയേറ്റ് ഹിസ്റ്ററി’ എന്നുമാണ് ഷൂകളിൽ ആലേഖനം ചെയ്തിട്ടുള്ളത്.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ തിനക്കുണ്ടായ ഉയർച്ചയെക്കുറിച്ചും ഇൻസ്റ്റഗ്രാം ലൈവിൽ ഹിമ പറയുന്നു. ലോക ചാംപ്യൻഷിപ്പും 2018 ഏഷ്യൻ ഗെയിംസും കഴിഞ്ഞ് തിരിച്ച് ഗുവാഹത്തി വിമാനത്താവളത്തിലിറങ്ങിയപ്പോൾ ആളുകൾ തന്നെ സ്വീകരിക്കാൻ തടിച്ചു കൂടിയെന്നത് അവിശ്വസനീയമായ കാര്യമായി തോന്നിയിരുന്നെന്ന് ഹിമ പറഞ്ഞു.

Also Read: വാതുവയ്പ്പ് കെണി: പാക് താരം ഉമർ അക്മലിന് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിലക്ക്

അസമിലെ നെൽപാടങ്ങൾക്കിടയിൽ നിന്ന് അന്താരാഷ്ട്ര അത്ലറ്റിക് താരമായി ഉയർന്ന ഹിമ ദാസ് രാജ്യത്തെ നിരവധി വനിതകൾക്ക് പ്രചോദനമാണെന്ന് സുരേഷ് റയ്ന പറഞ്ഞു. “ഞാൻ മാത്രമല്ല, നമുക്കൊപ്പം ചേർന്ന ധാരാളം ആളുകൾ നിങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ്. അസാധാരണമായി എന്തെങ്കിലും ചെയ്യണമെന്നുള്ള, നേട്ടങ്ങൾ സ്വന്തമാകക്കാനുള്ള പെൺകുട്ടികൾക്ക് നിങ്ങൾ റോൽ മോഡലാണ് “- റയ്ന പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook