ആഭ്യന്തര ടൂർണമെന്റായ ദേവ്ധർ ട്രോഫിയുടെ ഫൈനലിൽ ഇന്ത്യ സി ടീമിനെ ജയത്തിലേക്ക് നയിച്ചത് അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്ത് നടന്ന മത്സരത്തിൽ സെഞ്ചുറി നേടിയാണ് രഹാനെ ടീമിനെ വിജയിപ്പിച്ചത്. 156 ബോളിൽനിന്നും 144 റൺസാണ് രഹാനെ നേടിയത്.

അജിങ്ക്യ രഹാനെയുടെ സെഞ്ചുറി ആഘോഷമായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. 97 റൺസ് നേടി നിൽക്കുമ്പോഴായിരുന്നു സ്കോർബോർഡിൽ 100 കണ്ട് രഹാനെ ബാറ്റ് ഉയർത്തി വീശിയത്. 37-ാമത് ഓവറിൽ രഹാനെ സിംഗിൾ ഓടിയശേഷമാണ് സ്കോർബോർഡിൽ 100 എന്നെഴുതി കാണിച്ചത്. ഇതുകണ്ട രഹാനെ താൻ സെഞ്ചുറി തികച്ചുവെന്ന് കരുതി ബാറ്റ് ഉയർത്തി വീശി. രഹാനെയുടെ സെഞ്ചുറി നേട്ടത്തിന് കാണികളും നിറഞ്ഞ കൈയ്യടി നൽകി.

അപ്പോഴാണ് സ്കോർ ബോർഡിൽ എഴുതി കാണിച്ചത് ശരിയല്ലെന്ന് അമ്പയർമാർക്ക് മനസ്സിലായത്. ഇതോടെ ടീം അംഗമായ സുരേഷ് റെയ്ന ഡ്രെസിങ് റൂമിലിരുന്ന് രഹാനെയോട് സെഞ്ചുറി തികയ്ക്കാൻ മൂന്നു റൺസ് കൂടി വേണമെന്ന് നിർദ്ദേശം കൊടുത്തു. തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയ രഹാനെ ചിരിച്ചുകൊണ്ട് ഓകെ എന്ന് ആംഗ്യം കാട്ടി. തുടർന്ന് ബാറ്റ് ചെയ്ത രഹാനെ സെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു.

രഹാനെയുടെ 144 റൺസെന്ന മികവിലാണ് ഇന്ത്യ സി ടീം 352 റൺസെടുത്തത്. ഫൈനലിൽ ഇന്ത്യ ബി ടീമിനെ 29 റൺസിനാണ് സി ടീം തോൽപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook