തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം എറണാകുളം ഏറെ മുന്നില്‍. ഒമ്പത് സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും നേടിയ എറണാകുളത്തിന് 88 പോയന്റാണുള്ളത്. രണ്ടാമതുള്ളത് പാലക്കാടാണ്. ആറ് സ്വര്‍ണം, നാല് വെള്ളിയും നാല് വെങ്കലവുമടക്കം 46 പോയന്റാണ് പാലക്കാടിനുള്ളത്. നാലുവീതം സ്വര്‍ണവും വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 35 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്.

സ്‌കൂളുകളില്‍ 25 പോയിന്റുമായി നിലവിലെ ചാംപ്യന്‍മാരായ കോതമംഗലം മാര്‍ ബേസിലാണ് ഒന്നാമതുള്ളത്. മൂന്നു വീതം സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെടെയാണ് 25 പോയന്റ്. രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 23 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ് തൊട്ടുപിന്നിലുണ്ട്.

മൂന്ന് മീറ്റ് റെക്കോര്‍ഡുകളും ഇന്ന് പിറന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്‍ റോസ് ടോമി, 400 മീറ്റര്‍ ഓട്ടത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്സിലെ സാന്ദ്ര എ.എസ്, ആണ്‍കുട്ടികളുടെ പോള്‍വോട്ടില്‍ കുമാരംപുത്തൂര്‍ കെ.എച്ച്.എസ്സിലെ മുഹമ്മദ് ബാസിം എന്നിവരാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കിയാണ് സ്കൂൾ കായികമേ‌ള അരങ്ങേറുന്നത്. ഉദ്ഘാടന ചടങ്ങ‌് പൂർണമായും ഒഴിവാക്കി. വിജയികൾക്കും ചാമ്പ്യൻ സ്കൂളിനും എവർറോളിങ‌് ട്രോഫി അല്ലാതെ മറ്റ‌് ട്രോഫികളില്ല. മെഡലുകളും വിതരണം ചെയ്യുന്നില്ല. സർട്ടിഫിക്കറ്റ് മാത്രമാണ് താരങ്ങൾക്ക് നൽകുന്നത്.

കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരത്തിന്റെ സല്‍മാന്‍ നേടി. മൂവായിരം മീറ്റര്‍ ഓട്ടത്തിലാണ് സല്‍മാന്‍ വിജയിച്ചത്. ലോങ് ജംപിലും ഇന്ന് ഉച്ച തിരിഞ്ഞ് ഫൈനലുകള്‍ ഉണ്ടാകും. ഏറെ മാറ്റങ്ങളോടയാണ് ഇത്തവണത്തെ മേള. പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന് പുറമെ മത്സരങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook