എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ പ്രകോപനം ഉയർത്തുന്ന വെല്ലുവിലികളും കളിയാക്കലുകളുമായി എത്തുന്ന ഓസ്ട്രേലിയൻ താരങ്ങളുടെ സ്ഥിരം തന്ത്രത്തെകുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. മത്സരത്തിന് മുമ്പും മൈതാനത്തും അവർ അത് ആവർത്തിക്കും.

ഓസ്ട്രേലിയൻ മാധ്യമങ്ങളും ഇക്കാര്യത്തിൽ പിന്നിലല്ല. ഓസ്ട്രേലിയൻ പര്യടനത്തിനെത്തുന്ന ടീമുകളെ അവർ വളരെ തരംതാഴ്ത്തിയാണ് കാണാറുള്ളതും, അവരെ കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കാറുള്ളതും. പ്രകോപിപ്പിക്കുന്നതും വെറുപ്പ് ഉളവാക്കുന്നതുമാണ് അവരുടെ വാർത്തകൾ. ഇത്തവണയും അവർ പതിവ് തെറ്റിച്ചില്ല.

ഡിസംബർ ആറിന് അഡ്‍ലെയ്ഡിൽ ആരംഭിക്കുന്ന മത്സരത്തിനായി എത്തിയ ഇന്ത്യൻ താരങ്ങളുടെ ചിത്രം നൽകി ഓസ്ട്രേലിയയിലെ ഒരു പ്രമുഖ പത്രം കൊടുത്ത തലക്കെട്ട് “പേടി തൊണ്ടന്മാർ” എന്നാണ്. ഓസ്ട്രേലിയയിലെ ബൗൺസിനെ ഇന്ത്യൻ താരങ്ങൾ ഭയക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ചിത്രം പ്രചരിക്കാൻ ആരംഭിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയർന്ന് കേൾക്കുന്നത്. ഓസ്ട്രേലിയൻ ആരാധകർ വരെ പത്രത്തിന്റെ നടപടിയെ വിമർശിക്കുകയാണ്. ബാലിശവും മര്യദയില്ലാത്തതുമായ പാരമ്പര്യമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.

ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 6ന് ഓവലിൽ നടക്കും. രണ്ടാം ടെസ്റ്റ് ഡിസംബർ 14ന് പെർത്തിലാണ്. ഡിസംബർ 26ന് മെൽബണിൽ മൂന്നാം ടെസ്റ്റും, പുതുവർഷത്തിൽ ജനുവരി മൂന്നിന് ഡിഡ്നിയിൽ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook