ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുന്‍ താരം ഫാറൂഖ് എഞ്ചിനിയര്‍. എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ മിക്കി മൗസ് സെലക്ഷന് കമ്മിറ്റിയെന്നാണ് എഞ്ചിനിയര്‍ വിളിച്ചത്. മതിയായ രാജ്യാന്തര മത്സരങ്ങളുടെ പരിചയമില്ലാത്തവരാണ് സെലക്ഷന് കമ്മിറ്റിയിലുള്ളതെന്ന് എഞ്ചിനിയര്‍ വിമര്‍ശിച്ചു.
”നമുക്കുള്ളത് മിക്കി മൗസ് സെലക്ഷന് കമ്മിറ്റിയാണ്. എങ്ങനെയാണ് സെലക്ടർമാരെ തിരഞ്ഞെടുക്കുന്നത്? അവരെല്ലാവരും ചേര്‍ന്ന് 10-12 ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. എനിക്ക് സെലക്ടർമാരെ എല്ലാവരേയും അറിയുക പോലുമില്ല. ലോകകപ്പിനിടെ ഒരാളോട് ഞാന്‍ നിങ്ങളാരാണെന്ന് ചോദിക്കുകയുണ്ടായി. കാരണം അദ്ദേഹം ഔദ്യോഗിക വേഷമിട്ടായിരുന്നു നിന്നിരുന്നത്” എഞ്ചിനിയര്‍ പറയുന്നു.
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരമായ അനുഷ്ക ശര്‍മ്മയ്ക്ക് ചായ കൊണ്ടു കൊടുക്കുന്ന സെലക്ടര്‍മാരേയും കണ്ടിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തിലാണ് സെലഷന് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ദേവാങ് ഗാന്ധി, സരന്ദീപ് സിങ്, ജതിന് പരന്‍ജ്പെ, ഗഗന് ഘോഡ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ദിലീപ് വെങ്സര്‍ക്കാരിനെ പോലുള്ളവരാണ് സെലക്ഷന് കമ്മിറ്റിയിലുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിഒഎയേയും എഞ്ചിനീയര്‍ വിമര്‍ശിച്ചു. സിഒഎ പണച്ചെലവാണെന്നും മൂന്നരക്കോടി വീതമാണ് ഓരോരുത്തര്‍ക്കും നല്‍കുന്നതെന്നും മീറ്റിങ്ങുകള്‍ക്കും പണം നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഹണിമൂണിലായിരുന്നുവെന്നും ആ ഹണിമൂണ്‍ അവസാനിച്ചെന്നും പറഞ്ഞ എഞ്ചിനിയര്‍ ഗാംഗുലി ബിസിസിഐയില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.