കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഏകദിന മൽസരം നടത്താനുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. സി.കെ.വിനീത് തുടങ്ങിവച്ച പ്രതിഷേധ സ്വരം സോഷ്യൽ മീഡിയയിൽ കായിക പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്തതിന് പിന്നാലെ ഹാഷ് ടാഗ് ക്യാംപെയ്ൻ വൈറലാകുന്നു. ഇന്നലെ സി.കെ.വിനീതും റിനോ ആന്റോയും ഇയാൻ ഹ്യൂമും കൊച്ചിയിൽ ക്രിക്കറ്റ് മൽസരം നടത്താനുളള തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.
സി.കെ.വിനീത് ഇന്നലെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത #SaveKochiTurf എന്ന ഹാഷ് ടാഗാണ് ഫുട്ബോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷൻ 40 വർഷത്തേക്ക് പാട്ടത്തിന് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മൽസരം കൊച്ചിയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ചത്.
വരുന്ന നവംബർ ഒന്നിനാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൽസരം. ആദ്യം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനാണ് പരിഗണന നൽകിയിരുന്നതെങ്കിലും കെസിഎ സെക്രട്ടറി, ജിസിഡിഎ ചെയർമാനുമായി നടത്തിയ ചർച്ചയെ തുടർന്ന് തീരുമാനം മാറ്റി.
ഏകദിന മൽസരം നടത്തുന്നതിനായി കൊച്ചിയിലെ മൈതാനം പൊളിക്കേണ്ടി വരും. ഫിഫയുടെ അംഗീകാരമുളള മൈതാനമാണിത്. ഈ പിച്ച് കുഴിച്ച് ക്രിക്കറ്റ് പിച്ചുണ്ടാക്കിയാൽ സ്വാഭാവികമായി ഫിഫ അംഗീകാരം നഷ്ടപ്പെടും. മൂന്നാഴ്ചക്കകം മൈതാനം പഴയപടി ആക്കുമെന്നാണ് ജിസിഡിഎ ഉറപ്പു പറഞ്ഞിരിക്കുന്നത്. എന്നാൽ ഫിഫ അംഗീകാരം ലഭിക്കാനുളള സാധ്യതകൾ വിദൂരമാണ്.
കാര്യവട്ടത്ത് അത്യാധുനിക സൗകര്യങ്ങളോടെയുളള മൈതാനം ഉണ്ടായിട്ടും എന്തിനാണ് മൽസരം കൊച്ചിയിൽ തന്നെ നടത്തുന്നതെന്നാണ് ഫുട്ബോൾ ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. അതേസമയം ക്രിക്കറ്റ് മൽസരം എവിടെ നടത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ കെസിഎ എടുത്തിട്ടില്ല. ഇത് പിന്നീട് തീരുമാനിക്കുമെന്നാണ് ഇന്നലെ നടന്ന യോഗത്തിന് ശേഷം കെസിഎയും ജിസിഡിഎയും പ്രതികരിച്ചത്.