മുംബൈ: പുറത്തു വരുന്ന പുതിയ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി സൗരവ്വ് ഗാംഗുലി നയിക്കും. ബിസിസിഐയുടെ തലപ്പത്ത് അഴിച്ചു പണി വേണമെന്ന ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ദാദയെ പ്രസിഡന്റായി നിയമിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബിസിസിഐയ്ക്കെതിരെ വ്യാപക ആരോപണമുള്ള സാഹചര്യത്തിലാണ് ദാദയെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിക്കുന്നത്.
ജന്മസിദ്ധമായ നായകപാടവത്തിലൂടെ ഇന്ത്യന്‍ ടീമിന്റെ മുഖം മാറ്റി മറിച്ചതു പോലെ ബിസിസിഐയുടെ പ്രതിച്ഛായയും ദാദയ്ക്ക് മാറ്റാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗാംഗുലിയെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയിലെ മുതിര്‍ന്ന അംഗങ്ങള്‍ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്.
അതേസമയം, നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റാണ് ഗാംഗുലി. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഒരാള്‍ക്ക് ഒരേ സമയം, രണ്ട് പദവിയിലിരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ദാദ ബിസിഎയില് നിന്നും രാജിവെച്ച് ബിസിസിഐയുടെ തലപ്പത്തേക്ക് എത്തുമെന്നാണ് കരുതുന്നത്. നിലവില്‍ ഗാംഗുലി ബിസിസിഐയുടെ ടെക്നിക്കല്‍ കമ്മിറ്റിയിലും ഉപദേശകസമിതിയിലും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിലും അംഗമാണ്.
നേരത്തെ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയനേതാക്കളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ വേണ്ടെന്ന് ലോധ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ബിസിസിഐയുടെ പുതുക്കിയ ഭരണഘടനപ്രകാരം ഏത് സംസ്ഥാനത്തുള്ളവര്‍ക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന് സമര്‍പ്പിക്കാം.
മാത്രമല്ല ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് ഗാംഗുലി കാഴ്ചവെക്കുന്നത്. ബംഗാള്‍ ക്രിക്കറ്റ് നേതൃത്വത്തില്‍ മൂന്നാം തവണയാണ് ഗാംഗുലി സ്ഥാനമുറപ്പിക്കുന്നത്. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും അപേക്ഷ സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രം തീരുമാനം അറിയിക്കാമെന്നാണ് ഗാംഗുലിയുടെ നിലപാട്.