മുംബൈ: ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരാണ് സച്ചിനും ഗാംഗുലിയും. ഇരുവരും ഒരുപാട് കാലം ഇന്ത്യന്‍ ബാറ്റിങ് നിരയെ മുന്നില്‍ നിന്നു നയിച്ചിട്ടുണ്ട്. കളിക്കളത്തിന് അകത്തും പുറത്തും ഗാംഗുലിയും സച്ചിനും തമ്മിലുള്ള സൗഹൃദവും ശ്രദ്ധേയമാണ്. തന്റെ പുസ്തകമായ എ സെഞ്ചുറി ഈസ് നോട്ട് ഇനഫില്‍ സച്ചിനെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് ദാദ.

തന്റെ അരങ്ങേറ്റ ടെസ്റ്റ് മൽസരത്തിനിടെയുണ്ടായ സംഭവമാണ് ദാദ തുറന്നു പറഞ്ഞത്. 1996 ല്‍ ലോര്‍ഡ്‌സിലായിരുന്നു ഗാംഗുലിയുടെ അരങ്ങേറ്റം.

‘ഞാനെന്റെ ആദ്യ ടെസ്റ്റ് കളിക്കുകയായിരുന്നു. ചായക്ക് പിരിഞ്ഞപ്പോള്‍ ഞാന്‍ സെഞ്ചുറി നേടിയിരുന്നു. ആറ് മണിക്കൂര്‍ ബാറ്റ് ചെയ്തതിന് ശേഷമാണ് ഇടവേള. നല്ല ചൂടുള്ള ചായയായിരുന്നു കിട്ടിയത്. വിള്ളല്‍ വീണ ബാറ്റിന്റെ പിടി ശരിയാക്കുന്ന തിരക്കിലായിരുന്നു ഞാന്‍. ഇതിനിടെ ചായ കുടിക്കാന്‍ സമയമുണ്ടായിരുന്നില്ല. സമയം വളരെ കുറവായിരുന്നു. അപ്പോള്‍ സച്ചിന്‍ എനിക്ക് അരികിലെത്തി. നീ ചായ കുടിച്ചോളൂ, നിനക്ക് ഉടനെ ബാറ്റ് ചെയ്യാനുള്ളതല്ലേ, ഇത് ഞാന്‍ ശരിയാക്കാം എന്നദ്ദേഹം പറഞ്ഞു.’ ദാദ ഓര്‍ക്കുന്നു.

രണ്ടു പേരും കളിയവസാനിപ്പിച്ചെങ്കിലും ഒന്നിച്ച് കളിച്ച കളികളും പ്രകടനങ്ങളുമെല്ലാം ഇന്നും ആരാധകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നതാണ്. 2008 നവംബറിലായിരുന്നു ദാദ തന്റെ അവസാന മൽസരം കളിക്കുന്നത്. അവസാന ടെസ്റ്റിലെ ലാസ്റ്റ് സെഷനില്‍ ഗാംഗുലിയെ ധോണി നായകത്വം ഏല്‍പ്പിച്ചിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനായാണ് ഗാംഗുലിയെ വിലയിരുത്തുന്നത്. ഇന്ത്യന്‍ ടീമിലെ പല പ്രധാന താരങ്ങളും ദാദയുടെ കണ്ടെത്തലുകളായിരുന്നു. തന്റെ ക്യാപ്റ്റന്‍സി കാലത്തെ കുറിച്ചും മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലിനെ കുറിച്ചെല്ലാമുള്ള ദാദയുടെ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ