രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്ര സ്വന്തമാക്കി. ബംഗാളിനെതിരെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയാണ് സൗരാഷ്ട്ര കന്നികിരീടത്തില്‍ മുത്തമിട്ടത്. അതേസമയം, ബംഗാളിന്റെ 30 വര്‍ഷത്തെ കാത്തിരിപ്പ് തുടരുന്നു.

സൗരാഷ്ട്രയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 425 റണ്‍സ് പിന്തുടര്‍ന്ന ബംഗാള്‍ 381-ന് എല്ലാവരും പുറത്തായി. ആദ്യ മൂന്ന് ദിനം വിരസമായിരുന്ന മത്സരം നാലാംദിനമാണ് ആവേശകരമായത്. ഒന്നാമിന്നിങ്‌സ് ലീഡ് നേടുന്ന ടീം കിരീടം ഉയര്‍ത്തുമെന്ന സാഹചര്യം വന്നപ്പോഴാണ് ഇരുടീമുകളും ലീഡിനായി പൊരുതിയത്. ഒടുവില്‍ അഞ്ചാം ദിനം ബംഗാളിനെ ഓള്‍ ഔട്ടാക്കി സൗരാഷ്ട്ര 44 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.

Read Also: വേനൽക്കാലമായി, കിണറും ടാങ്കും സൂപ്പർ ക്ലോറിനേഷൻ ചെയ്യുന്നതെങ്ങനെ?

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ സൗരാഷ്ട്ര ക്യാപ്റ്റന്‍ ജയദേവ് ഉനദ്കട് ആണ് ബംഗാളിന്റെ അവസാന വിക്കറ്റ് വീഴ്ത്തിയത്. ഈ രഞ്ജി ട്രോഫി സീസണില്‍ 10 മത്സരങ്ങളില്‍ നിന്നായി ഉനദ്കട് 67 വിക്കറ്റുകള്‍ വീഴ്ത്തി. ഏഴ് തവണ അഞ്ച് വിക്കറ്റുകളും രണ്ട് തവണ 10 വിക്കറ്റുകളും വീഴ്ത്തിയ ഉനദ്കടിന്റെ മികച്ച പ്രകടനം 23 റണ്‍സ് വിട്ടു കൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ്.

1989-90-ലാണ് ബംഗാള്‍ അവസാനമായി കിരീടം നേടിയത്.

കൊറോണ ഭീതി കാരണം അഞ്ചാംദിനം മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയത്. കളിക്കാരും മത്സര അധികൃതരും മാധ്യമ പ്രവര്‍ത്തകരും മാത്രമാണ് സ്റ്റേഡിയത്തില്‍ പ്രവേശിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook