കൊച്ചി: ഇന്ത്യൻ ഫുട്ബോൾ വീണ്ടും സജീവമാകുകയാണ്. ഇന്ത്യൻ സുപ്പർ ലീഗിന് പിന്നാലെ ഐ ലീഗും ആരംഭിക്കാൻ പോകുന്നു. ഐ ലീഗിൽ കേരള പ്രതീക്ഷകളുമായി ഇറങ്ങുന്ന ഗോകുലം കേരള എഫ് സി വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സന്തോഷ് ട്രോഫിയിൽ കേരളത്തിന് കിരീടം സമ്മാനിച്ച പരിശീലകൻ സതീവൻ ബാലനും ഇക്കുറി ഗോകുലം ടീമിൽ സഹപരിശീലകനായി ഉണ്ടാകും.

നേരത്തെ ദേശീയ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന് കീഴിൽ സഹപരിശീലകനായി പ്രവർത്തിച്ചിട്ടുള്ള സതീവൻ ബാലന്റെ കടന്ന് വരവ് ടീമിന് ഗുണകരമാകുമെന്നാണ് കരുതുന്നത്. സതീവൻ ബാലൻ പരിശീലിപ്പിച്ച കേരള ടീമാണ് കഴിഞ്ഞ തവണ സന്തോഷ് ട്രോഫി കിരീടം നേടിയത്. പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് ട്രോഫി കേരളത്തിലെത്തിച്ച പരിശീലകനാണ് അദ്ദേഹം.

ഗോകുലം കേരള എഫ് സിയുടെ മുഖ്യപരിശീലകനും മലയാളിയാണ്. ടീമിന്റെ മുൻ ടെക്നിക്കൽ ഡയറക്ടറായിരുന്ന ബിനോ ജോർജ്ജാണ് നിലവിൽ ഗോകുലത്തിന്റെ മുഖ്യ പരിശീലകൻ. സ്പാനിഷ് പരിശീലകനായ ഫെർണാണ്ടോ വലേറ പകരക്കാരനായാണ് ബിനോ ജോർജ്ജ് ഗോകുലം പരിശീലക സ്ഥാനത്തെത്തുന്നത്.

ബിനോ ജോർജ്ജിന് പിന്നാലെ സതീവൻ ബാലനും കൂടി എത്തുന്നതോടെ മലയാളി പരിശീലകർക്ക് കീഴിലാകും ഇക്കുറി ഗോകുലം എഫ് സി ഐ ലീഗിന് ബൂട്ട്കെട്ടുക. ഒക്ടോബർ 27ന് കോഴിക്കോട് സ്വന്തം മൈതാനത്ത് കരുത്തരായ മോഹൻ ബഗാനെതിരെയാണ് ഗോകുലം കേരള എഫ് സിയുടെ ആദ്യ പോരാട്ടം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ