ജൊഹാനസ്ബർഗ്: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. വലംകൈയ്യൻ ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സ് ആണ് ടീമിലെ പുതുമുഖം. ഇടംകയ്യൻ ഫാസ്റ്റ് ബൗളർ വെയ്ൻ പാർണൽ അഞ്ച് വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തി.
ടെംബ ബാവുമയാണ് 16 അംഗദക്ഷിണാഫ്രിക്കൻ ടീമിനെ നയിക്കുന്നത്. 2021ലെ ടി20 ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്ക കളിക്കുന്ന ആദ്യ ടി20 പാരമ്പരയാണിത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ജൂൺ ഒമ്പത് മുതലാണ്.
ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ (സിഎസ്എ) ടി20 ചലഞ്ചിൽ ജിബെറ്റ്സ് വാരിയേഴ്സിനായി കളിച്ചിട്ടുള്ള 21 കാരനായ സ്റ്റബ്സ് കഴിഞ്ഞ സീസണിൽ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 48.83 ശരാശരിയിലും 183.12 സ്ട്രൈക്ക് റേറ്റിലും 293 റൺസ് നേടിയിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ സ്റ്റബ്സ് അതിന് മുൻപ് സിംബാബ്വെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ‘എ’ ടീമിന്റെ ഭാഗമായിരുന്നു.
ബൗളർ ആൻറിച്ച് നോർക്യ ബാറ്റർമാരായ റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസെൻ എന്നിവരും ടീമിൽ ഇടംനേടി. ഐപിഎല്ലിൽ കളിക്കുന്ന ക്വിന്റൺ ഡി കോക്ക്, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റാസി വാൻ ഡെർ ഡ്യൂസെൻ, മാർക്കോ ജാൻസൻ എന്നിവരാണ് ടീമിലെ മറ്റുതാരങ്ങൾ.
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ജൂൺ 9 ന് ന്യൂഡൽഹിയിലാണ്, കട്ടക്ക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നിവിടങ്ങളിലാണ് ബാക്കി മത്സരങ്ങൾ.
Also Read: പഞ്ചാബിനെതിരായ ഡൽഹിയുടെ ജയം, ബാംഗ്ലൂരിന്റെ പ്ലേഓഫിലേക്കുള്ള വഴി അടഞ്ഞോ?