ഇന്ത്യൻ നായകന്റെ കുപ്പായത്തിൽ എം.എസ്.ധോണിയെ ഒരിക്കൽക്കൂടി കാണാനുളള ഭാഗ്യം ഇത്തവണത്തെ ഏഷ്യ കപ്പിലൂടെ ഇന്ത്യൻ ആരാധകർക്ക് ലഭിച്ചിരുന്നു. സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന അവസാന മത്സരത്തിലാണ് ധോണി ഇന്ത്യൻ നായകന്റെ കുപ്പായമണിഞ്ഞത്. ഏഷ്യ കപ്പിലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് ധോണി നായകന്റെ വേഷമണിഞ്ഞത്. ഇന്ത്യൻ നായകനായുളള ധോണിയുടെ 200-ാമത്തെ മത്സരമായിരുന്നു അത്.

മറ്റു മത്സരങ്ങളിൽ രോഹിത് ശർമ്മയായിരുന്നു നായകനെങ്കിലും ധോണിയുടെ അനുഭവ പരിചയം ടീമിന് പലതവണ ഗുണകരമായി. അതിലൊന്നായിരുന്നു ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിൽ ഫീൽഡിങ്ങിൽ മാറ്റം വരുത്താൻ രോഹിത്തിനോട് ധോണി ആവശ്യപ്പെട്ടതും അതിലൂടെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് കിട്ടിയതും.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ രവീന്ദ്ര ജഡേജയുടെ ബോളിൽ തുടരെ തുടരെ രണ്ടു ഫോറുകൾ പോയി. ഈ സമയത്താണ് ധോണി ക്യാപ്റ്റൻ രോഹിത് ശർമ്മയോട് ഫീൽഡിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടത്. ധോണിയുടെ നിർദേശ പ്രകാരം ശിഖർ ധവാനോട് സ്ലിപ്പിൽനിന്ന് സ്ക്വയർ ലെഗിലേക്ക് പോകാൻ രോഹിത് ആവശ്യപ്പെട്ടു. ഈ മാറ്റം ഇന്ത്യയ്ക്ക് ഒരു വിക്കറ്റാണ് നേടിക്കൊടുത്തത്. ജഡേജയുടെ ബോളിൽ ഷാക്കിബ് അടിച്ച ബോൾ ചെന്നു വീണത് ധവാന്റെ കൈകളിലായിരുന്നു.

ഇന്നലെ നടന്ന പാക്കിസ്ഥാൻ- ബംഗ്ലാദേശ് മത്സരത്തിൽ എം.എസ്.ധോണിയുടെ തന്ത്രമൊന്ന് പാക് ക്യാപ്റ്റൻ പ്രയോഗിച്ചു നോക്കി. പൂർണ പരാജയമായിരുന്നു ഫലം. പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിലാണ് ധോണിയുടെ അടവ് പാക് ക്യാപ്റ്റൻ സർഫ്രാസ് പയറ്റി നോക്കിയത്. ഹസ്സൻ അലി ബോളിങ്ങിന് എത്തിയപ്പോഴാണ് സർഫ്രാസ് ഫീൽഡ് ചെയ്ഞ്ച് വരുത്തിയത്. സ്ലിപ് ഫീൽഡറെയാണ് സർഫ്രാസ് മാറ്റിയത്. പക്ഷേ രണ്ടു മൂന്നു ബോളുകൾ കഴിഞ്ഞപ്പോൾ സർഫ്രാസ് മാറ്റിയ സ്ലിപ് ഫീൽഡർ നിന്നിടത്തുകൂടി ബോൾ ബൗണ്ടറി ലൈൻ കടന്നു.

ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റതോടെ പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് നായകൻ എന്ന നിലയിൽ ഒരിക്കൽക്കൂടി തോൽവി സമ്മതിച്ചിരിക്കുകയാണ്. പാക്കിസ്ഥാനെ 37 റൺസിന് തോൽപ്പിച്ചാണ് ബംഗ്ലാദേശ് ഏഷ്യ കപ്പ് ഫൈനലിലെത്തിയത്. ഫൈനലിൽ ഇന്ത്യയാണ് എതിരാളികൾ. നാളെ വൈകിട്ട് അഞ്ചിനാണ് മത്സരം.

സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ 37 റൺസിന് പാക്കിസ്ഥാനെ തകർത്താണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. നാലോവർ പൂർത്തിയാക്കുന്നതിനു മുൻപേ പാക്കിസ്ഥാന് മൂന്നു വിക്കറ്റാണ് നഷ്ടമായത്. ഫഖർ സമാനും ബാബർ അസമും ഒരു റൺസെടുത്തും സർഫ്രാസ് 10 റൺസെടുത്തും പുറത്തായി. ഷൊയ്ബ് മാലിക് (30) ആസിഫ് അലി (31) കൂട്ടുകെട്ട് പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചെങ്കിലും അധികം നീണ്ടുനിന്നില്ല. മാലിക്കിന്റെ വിക്കറ്റ് വീഴ്ത്തി റൂബൈൽ ബുസൈൻ ആ കൂട്ടുകെട്ട് പൊളിച്ചു.

ആസിഫ് അലിയും ഫഖർ സമാനും 71 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി പാക് ടീമിന് പ്രതീക്ഷ നൽകിയെങ്കിലും ആസിഫ് അലിയുടെ വിക്കറ്റെടുത്ത് ബംഗ്ലാദേശ് വിജയത്തിന് തടയിട്ടു. പിന്നീടങ്ങോട്ട് വിക്കറ്റുകൾ വീണത് പെട്ടെന്നായിരുന്നു. ഒടുവിൽ 202 റൺസിന് പാക്കിസ്ഥാൻ ഇന്നിങ്സ് അവസാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook