ഡര്‍ബന്‍: പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് സസ്‌പെന്‍ഷന്‍. നാല് മത്സരങ്ങളില്‍ നിന്നുമാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം അഡിലെ ഫെഹ്‌ലുക്വായേയ്‌ക്കെതിരായ വംശീയ അധിക്ഷേപത്തെ തുടര്‍ന്നാണ് താരത്തിനെതിരെ ഐസിസി നടപടിയെടുത്തത്.

ഇതോടെ സര്‍ഫ്രാസിന് പരമ്പരയിലെ ബാക്കിയുള്ള രണ്ട് ഏകദിനങ്ങളും ട്വന്റി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമാകും. ശിക്ഷയുടെ ഭാഗമായി പാക് നായകന് ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുക്കേണ്ടി വരും. ഇതു ഐസിസിയും പിസിബിയും ചേര്‍ന്ന് തീരുമാനിക്കും.

രണ്ടാം ഏകദിനത്തിനിടെയായിരുന്നു വിവാദം. പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന് നടക്കുകയാണ്. ഇതിന് മുമ്പാണ് വിലക്ക് നടപടി വരുന്നത്. സര്‍ഫ്രാസില്ലാത്തതിനാല്‍ ഷൊയ്ബ് മാലിക്കാണ് പാക്കിസ്ഥാനെ നയിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ താരം ബാറ്റ് ചെയ്യവെ കീപ്പറായ സര്‍ഫ്രാസ് താരത്തെ കറുത്തവനെന്ന് വിളിക്കുകയും താരത്തിന്റെ അമ്മയെ അധിക്ഷേപിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ സര്‍ഫ്രാസ് മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു സര്‍ഫ്രാസിന്റെ വിശദീകരണം. പിന്നാലെ ദക്ഷിണാഫ്രിക്കന്‍ താരത്തെ നേരില്‍ കണ്ട് മാപ്പ് ചോദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook