ഇസ്‌ലമബാദ്: പാക്കിസ്ഥാന് ഐസിസി ചാമ്പ്യസ് ട്രോഫി നേടിക്കൊടുത്ത സർഫ്രാസ് അഹമ്മദിന് പുതിയ അംഗീകാരം. പാക്കിസ്ഥാന്റെ ടെസ്റ്റ് ടീമിന്റെ നായകനായി സർഫ്രാസ് അഹമ്മദിനെ പാക്ക് ക്രിക്കറ്റ് ബോർഡ് നിയമിച്ചു. പിസിബി ചെയർമാൻ ഷഹരിയാർ ഖാനാണ് സർഫ്രാസ് അഹമ്മദിനെ ടെസ്റ്റ് ക്യാപ്റ്റനായി നിയമിച്ചതായി അറിയിച്ചത്.

വെസ്റ്റൻഡീസ് പര്യടനത്തോടെ ടെസ്റ്റ് ടീമീന്റെ നായകൻ മിസ്ബ ഉൾഹഖ് വിരമിച്ചതോടെയാണ് പുതിയ നായകനെ തിരഞ്ഞെടുത്തത്. ചാമ്പ്യൻസ് ട്രോഫി വിജയിച്ച പാക്കിസ്ഥാൻ ടീമിന് പ്രധാനമന്ത്രി ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് ഷഹരിയാർ ഖാൻ ടെസ്റ്റ് ടീമിന്റെ നായകനായി സർഫ്രാസ് അഹമ്മദിനെ പ്രഖ്യാപിച്ചത്. ചീഫ് സെലക്ടർ ഇൻസമാം ഉൾ ഹഖിന്റെ ഉപദേശവും സ്വീകരിച്ചതിന് ശേഷമാണ് സർഫ്രാസിനെ തിരഞ്ഞെടുത്തത് എന്നും പിസിബി അദ്ധ്യക്ഷൻ പറഞ്ഞു.

ചിരവൈരികളായ ഇന്ത്യടെ തോൽപ്പിച്ചാണ് പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത്. ടൂർണ്ണമെന്റ് ആരംഭിക്കുമ്പോൾ എട്ടാം റാങ്കിൽ ആയിരുന്ന പാക്കിസ്ഥാൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. യുവതാരങ്ങളുമായി എത്തി കിരീടം ഉയർത്തിയ സർഫ്രാസിന്റെ മികവിനെ ക്രിക്കറ്റ് ലോകം പ്രകീർത്തിച്ചിരുന്നു.

പാക്കിസ്ഥാനായി 36 ടെസ്റ്റുകളിൽ സർഫ്രാസ് കളിച്ചിട്ടുണ്ട്. 3 സെഞ്ചുറികളും 13 അർധസെഞ്ചുറികളും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയ സർഫ്രാസ് അടിച്ച് കൂട്ടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ