സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ദക്ഷിണ മേഖലാ യോഗ്യത റൗണ്ട് മത്സരത്തിൽ കേരളത്തിന് ജയത്തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളിന് ആന്ധ്രപ്രദേശിനെ തകർത്താണ് കേരളം ജയത്തോടെ തുടങ്ങിയത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളത്തിന്റെ പൂർണാധിപത്യമായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും എതിരാളികളെ മുന്നിലെത്താൻ അനുവദിക്കാതെ പോരാടിയ കേരളം അർഹിച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. സംസ്ഥാനത്തിന് വേണ്ടി എമിൽ ബെന്നി ഇരട്ട ഗോൾ നേടി.
ആദ്യ പകുതിയുടെ അവസാനി മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. വിപിൻ തോമസിന്റെ ഹെഡറിലൂടെ 45-ാം മിനിറ്റിലായിരുന്നു കേരളം ലീഡെടുത്തത്. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽറ്റി അവസരം ലക്ഷ്യത്തിലെത്തിച്ച ലിയോൺ അഗസ്റ്റിൻ ലീഡ് ഉയർത്തി. ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിന്റെ ലീഡിൽ രണ്ടാം പകുതിയിലിറങ്ങിയ കേരളം രണ്ടാം പകുതിയിലും കളം നിറഞ്ഞു കളിച്ചു.
മത്സരത്തിന്റെ 53-ാം മിനിറ്റിലായിരുന്നു എമിൽ ബെന്നിയുടെ ആദ്യ ഗോൾ. ഇതോടെ കേരളം ഏകപക്ഷിയമായ മൂന്ന് ഗോളിന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തു. പത്ത് മിനിറ്റുകൾക്കപ്പുറം മൂന്ന് ആന്ധ്ര താരങ്ങളെ കബളിപ്പിച്ച് എമിൽ രണ്ടാം തവണയും കേരളത്തിന് വേണ്ടി ആന്ധ്ര വലചലിപ്പിച്ചു. രണ്ടാം പകുതിയുടെ അധിക സമയത്ത് ഷിഹാദ് കേരള ഗോൾപട്ടിക പൂർത്തിയാക്കി.
ഗ്രൂപ്പ് എയിൽ തമിഴ്നാടുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. നവംബർ 9നാണ് കേരളം – തമിഴ്നാട് പോരാട്ടം.