മഞ്ചേരി: സന്തോഷ് ട്രോഫിയിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പഞ്ചാബിനെ പരാജയപ്പെടുത്തി കേരളം സെമിയിൽ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കേരളം പഞ്ചാബിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ കാപ്റ്റൻ ജിജോ ജോസഫ് കേരളത്തിന് വേണ്ടി ഇരട്ട ഗോൾ നേടി.
മത്സരത്തിൽ പഞ്ചാബാണ് ആദ്യ ലീഡ് നേടിയത്. 12ാം മിനുറ്റിൽ മൻവീർ സിങ് പഞ്ചാബിന് വേണ്ടി ഗോൾ നേടി. 17ാം മിനുറ്റിൽ ജിജോയുടെ ആദ്യ ഗോളിലൂടെ കേരളം ഗോൾ മടക്കി. 1-1ന് അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 86ാം മിനുറ്റിലാണ് ജിജോയുടെ രണ്ടാം ഗോൾ.
ഇന്നത്തെ ജയത്തോടെ ഗ്രൂപ്പ് ചാംപ്യൻമാരായാണ് കേരളം സെമിയിൽ പ്രവേശിച്ചത്. ഇതോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി. ഗ്രൂപ്പ് എയിൽ നാല് മത്സരങ്ങളിൽനിന്ന് മൂന്നു വിജയവും ഒരു സമനിലയുമായി കേരളം 10 പോയിന്റ് നേടി. രാജസ്ഥാനും ബംഗാളിനുമെതിരായ മത്സരത്തിൽ ജയം നേടിയ കേരളം മേഘാലയക്കെതിരായ മത്സരത്തിൽ സമനിലയിൽ ുപെട്ടിരുന്നു.