മാഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ സ്ഥിരം പരിശീലകനായി സാന്റിയാഗോ സൊളാരിയെ ക്ലബ്ബ് നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ടീമിന്റെ താല്‍ക്കാലിക പരിശീലകനാണ് സൊളാരി.

റയലില്‍ നിന്നും സൊളാരിയുടെ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. അതേസമയം, കോച്ചിനെ നിയമിക്കുന്ന കാര്യത്തിൽ റയലില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

തുടര്‍ച്ചയായ പരാജയങ്ങൾക്ക് പിന്നാലെ മാനേജ്‌മെന്റ് മുന്‍ പരിശീലകന്‍ ജുലന്‍ ലോപറ്റേഗിയെ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് താല്‍ക്കാലിക പരിശീലകനായി സൊളാരി എത്തുന്നത്. സൊളാരി സ്ഥാനമേറ്റെടുത്ത ശേഷം കളിച്ച നാല് മത്സരങ്ങളിലും ടീം വിജയിക്കുകയും ചെയ്തു. ഇതോടെയാണ് സൊളാരിയെ സ്ഥിരം പരിശീലകനാക്കാൻ മനേജ്മെന്റ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

സ്പാനിഷ് ഫുട്ബോള്‍ അസ്സോസിയേഷന്റെ ചട്ടപ്രകാരം 15 ദിവസം മാത്രമേ ഒരാള്‍ക്ക് താല്‍ക്കാലിക പരിശീലകനായി ടീമിൽ തുടരാന്‍ സാധിക്കൂ. ഈ സമയപരിധിക്ക് മുമ്പ് പുതിയ പരിശീലകനെ നിയമിക്കുകയോ താൽക്കാലിക പരിശീലകനെ സ്ഥിരം പരിശീലകനായി നിയമിക്കുകയോ വേണം.

തിങ്കളാഴ്ച സൊളാരി ചുമതലയേറ്റ് 15 ദിവസം പൂര്‍ത്തിയായിരുന്നു. ഈ സാഹചര്യത്തിൽ ടീമിനെ വിജയ വഴിയിൽ തിരിച്ചെത്തിച്ച സൊളാരിക്ക് തന്നെ അവസരം നൽകാനാകും മാനേജ്മെന്റ് ഒരുങ്ങുക. താരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതും സൊളാരിക്ക് ഗുണമാകും.

മുന്‍ റയല്‍ മാഡ്രിഡ് താരം കൂടിയായ സൊളാരി 2016 മുതല്‍ റയലിന്റെ ബി ടീം പരിശീലികനായി പ്രവർത്തിച്ചുവരികയായിരുന്നു. റയലിനായി കളിക്കുമ്പോള്‍ ലാ ലീഗയും ചാമ്പ്യന്‍സ് ലീഗും നേടിയിട്ടുള്ള താരമാണ് സൊളാരി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ