ആറാം കിരീടം ലക്ഷ്യമിട്ട് സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ഇന്ന് ബംഗാളിനെ നേരിടും. എന്നാല്‍ 33-ാം കിരീടമെന്ന ലക്ഷ്യമാണ് ബംഗാളിന്റെ മുന്നിലുളളത്. ഉച്ചയ്ക്ക് 2.30നാണ് മൽസരം. സൈമിയില്‍ മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. അതേസമയം കര്‍ണാടകയെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബംഗാള്‍ ഫൈനലിലെത്തിയത്. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം ബംഗാളിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

അഞ്ച് മൽസരങ്ങളില്‍ നിന്നായി 15 ഗോളുകളാണ് എതിര്‍ പോസ്റ്റുകളില്‍ കേരളം അടിച്ചുകൂട്ടിയത്. വഴങ്ങിയത് ഒരേ ഒരെണ്ണവും. മുന്നേറ്റ നിരയില്‍ അഫ്ദലും മധ്യനിരയില്‍ ജിതിന്‍ ദ്വയവും കെ.പി.രാഹുലും ഏത് പ്രതിരോധക്കോട്ടകളും പൊളിക്കാന്‍ കെല്‍പ്പുള്ളവരാണ്.

സന്തോഷ് ട്രോഫിയില്‍ കേരളം 13-ാം ഫൈനലാണ് കളിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്. 2012ലാണ് കേരള അവസാനമായി സന്തോഷ് ട്രോഫി ഫൈനലിലെത്തുന്നത്. അന്ന് സര്‍വ്വീസസിനോട് പെനാള്‍റ്റിയില്‍ തോല്‍ക്കുകയായിരുന്നു.

2005ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. ഡല്‍ഹിയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ പഞ്ചാബിനെ 3-2ന് തകര്‍ത്തായിരുന്നു കിരീട നേട്ടം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ