കൊച്ചി: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ റൗണ്ടില്‍ കേരളത്തിന് രണ്ടാം ജയം. ആന്‍ഡമാന്‍ നിക്കോബാറിനെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. കേരളത്തിനായി നിജോ ആൽബർട്ടും ജെസിനും ഇരട്ടഗോൾ നേടിയപ്പോള്‍ വിബിൻ തോമസ്, അർജുൻ ജയരാജ്, നൗഫൽ, സൽമാൻ, സഫ്നാദ് എന്നിവര്‍ ഓരോ തവണയും ലക്ഷ്യം കണ്ടു.
ആദ്യ പകുതിയുടെ 39-ാം മിനിറ്റു വരെ ആന്‍ഡമാനിന്റെ പ്രതിരോധം തകര്‍ക്കാന്‍ കേരളത്തിനായിരുന്നില്ല. എന്നാല്‍ അവസാന ആറ് മിനിറ്റില്‍ മൂന്ന് തവണയാണ് കേരളം ഗോള്‍ വല കുലുക്കിയത്. ഇതോടെ കേരളം 3-0 ന് മുന്നിലെത്തുകയും ചെയ്തു. ആന്‍ഡമാന്‍ പ്രതിരോധത്തിന്റെ വീഴ്ചകളും കേരളത്തിന്റെ ഗോളുകള്‍ക്ക് തുണയായി.
രണ്ടാം പകുതിയില്‍ കേരളത്തിന്റെ സര്‍വാധിപത്യമായിരുന്നു. ചെറുത്തു നില്‍ക്കാന്‍ പോലും ആന്‍ഡമാനായില്ല. എണ്ണം പറഞ്ഞ ആറ് ഗോളുകളാണ് രണ്ടാം പകുതിയില്‍ മാത്രം നേടിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കേരളം ദക്ഷിണ മേഖല ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. അടുത്ത മത്സരത്തില്‍ പോണ്ടിച്ചേരിയാണ് കേരളത്തന്റെ എതിരാളികള്‍.