കോഴിക്കോട്: മെക്സിക്കൻ വേവില്ല, ടെലിവിഷൻ കാഴ്ചകളില്ല, എങ്കിലും സന്തോഷ് ട്രോഫി എന്നത് കേരളത്തിലെ ഫുട്ബാൾ പ്രേമികളെ സംബന്ധിച്ച് ആവേശമാണ്. എഴുപത്തഞ്ച് വർഷത്തെ ചരിത്രത്തിനിടയിൽ എട്ടു കിരീടങ്ങൾ, അഞ്ചു തവണ റണ്ണർ അപ്പ്. വി.പി ഷാജി എന്ന എസ്.ബി.ടിയുടെ മിന്നും താരം കോച്ചിൻറെ കുപ്പായമണിഞ്ഞപ്പോൾ 2005ൽ നഷ്ടപ്പെട്ട കപ്പ് തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലാണ് കേരളാ ക്യാമ്പ് .

എട്ടു കളികളിൽ നിന്നും പത്തൊമ്പതു ഗോളുകളുമായി ടൂർണമെൻറ്റിൽ ഗോൾ വേട്ടയിൽ ഒന്നാമതാണിപ്പോൾ കേരളം. അവസാന മത്സരത്തിൽ ഗ്രൂപ്പിലെ വമ്പന്മാരായ മിസോറാമിനെ 4-1 നു തോൽപിച്ച ആവേശം കളിക്കാരിൽനിന്നും വിട്ടുമാറിയിട്ടില്ല.
അവസാന ഗ്രൂപ് തല മത്സരത്തിൽ മഹാരാഷ്‌ട്രയ്‌ക്കെതിരെ ചൊവ്വാഴ്ച ബൂട്ടണിയുമ്പോൾ കാര്യങ്ങൾ എളുപ്പമാണെന്ന് വി.പി ഷാജി വിലയിരുത്തുന്നു. “മഹാരാഷ്‌ട്രയ്‌ക്കെതിരെ കളിക്കുമ്പോൾ വലിയ സമ്മർദ്ദമില്ല. ആദ്യ കളികളിൽ കളിക്കാൻ പറ്റാത്തവരെ കളിപ്പിക്കണം. സെമിയിലേക്ക് എല്ലാ കളിക്കാരെയും സജ്ജരാക്കുക എന്നതാണ് ഇനി മുന്നിലുള്ളത്.” വി.പി ഷാജി പറയുന്നു. മഹാരാഷ്ട്രയുമായുളള കളിയിലെ ജയപരാജയങ്ങൾ കേരളത്തെ സെമി മോഹങ്ങളെ ബാധിക്കില്ല. നിലവിൽ കേരളമാണ് ഈ ഗ്രൂപ്പിൽ ഒന്നാമത്. കഴിഞ്ഞ മൂന്നു കളികളിൽ നിന്നായി ഏഴു പോയിന്റുമായാണ് കേരളം ഗ്രൂപ്പിൽ മുന്നിട്ട് നിൽക്കുന്നത്. രണ്ട് ജയവും ഒരു സമനിലയുമായാണ് കേരളം ഏഴു പോയിന്റ് കരസ്ഥമാക്കിയത്.  മിസോറം, റെയിൽവേസിനോടും ജയിച്ച കേരളം പഞ്ചാബിനോട് സമനിലയിൽ പിരിയുകയാണുണ്ടായത്.

എന്നാൽ വിചാരിക്കുന്നത്ര എളുപ്പമാകില്ല കേരളത്തിൻറെ ഫൈനൽ മോഹങ്ങൾ. ഗ്രൂപ് എയിൽ നിലവിലെ റണ്ണറപ്പ് ആയ ഗോവയാണ് സെമിയിൽ കേരളത്തിന്റെ എതിരാളി.  വ്യാഴാഴ്ചയായിരിക്കും കേരളവും ഗോവയും തമ്മിൽ സെമി ഫൈനലിൽ ഏറ്റുമുട്ടുക.  ആക്രമോത്സുകമായ ശൈലിയിൽ കളിക്കുന്ന ഗോവൻ ടീമിനെ നേരിടുന്നതിൽ കേരളത്തിന് ഭീഷണിയാവുന്നത് പ്രതിരോധത്തിലെ പിഴവുകളാവും. ഗോവയുടെയും കൗണ്ടർ അറ്റാക്കുകൾക്ക് തടയിടാൻ കേരളത്തിൻറെ പ്രതിരോധനിരയ്ക്ക് കരുത്തുണ്ടോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു.
പഞ്ചാബിനെതിരായ ഗ്രൂപ്പ്തല മത്സരത്തിൽ അവസാന പത്തുമിനുട്ടിൽ രണ്ടു ഗോളുകൾ തൊടുത്തുവിട്ട് കേരളത്തെ സമനിലയിലേക്ക് പിടിച്ചുകയറ്റിയ മുഹമ്മദ് പാറക്കോട്ടിലും, ഗോകുലം എഫ്.സി യുടെ ജിഷ്ണു ബാലകൃഷ്ണനും, സംസ്ഥാന അണ്ടർ 21 ചാമ്പ്യൻഷിപ്പിൽ കണ്ണൂരിനെ വിജയത്തിലേക്ക് നയിച്ചതിൽ ചരടുവലിച്ച മധ്യനിരത്താരം സഹൽ സമദും അടങ്ങിയ മികച്ച മുന്നേറ്റനിരതന്നെയാവും വി.പി ഷാജിയുടെ ആവനാഴിയിലെ പ്രധാന അമ്പ്.
ഓരോ മത്സരങ്ങൾ വീതം ബാക്കിയുള്ള പഞ്ചാബും മിസോറാമും ആണ് മരണ ഗ്രൂപ്പായി അറിയപ്പെടുന്ന ബി-ഗ്രൂപ്പിൽ നിന്നും സെമി പ്രതീക്ഷയുമായി മത്സര രംഗത്തുള്ളത്. അടുത്ത കളികൾ ജയിക്കുക എന്നത് ഇരു ടീമുകൾക്കും നിർണായകമാണ്.
സന്തോഷ് ട്രോഫി കേരളത്തിലേക്ക് തിരിച്ചെത്തിച്ചുകൊണ്ട് കേരളാ ഫുട്ബാളിൻറെ യശസ്സ് വീണ്ടും ഉയർത്തിപ്പിടിക്കുക എന്നതിൽ കുറഞ്ഞൊരു ലക്ഷ്യം വി.പി ഷാജിക്കും ഇല്ല. എന്നാൽ അതിനായുളള തന്ത്രങ്ങൾ എത്രകണ്ട് വിജയിക്കുമെന്നാണ് ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത്. ഒരു വ്യാഴവട്ടക്കാലമായി മഴകാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ മലയാളി ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നതാണ് ഒരു  സന്തോഷ് ട്രോഫി വിജയം.  2013-ൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കേരളത്തിന് കൈവിട്ടുപോയതാണ് സന്തോഷ് ട്രോഫി. അന്നത്തെ റണ്ണറപ്പായി മടങ്ങിയ കേരളം പിന്നീട് നാലു വർഷമായയി ഫൈനലിൽ എത്തിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ