പനാജി : സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിൽ കേരളം കരുത്തരായ പഞ്ചാബിനെ സമനിലയിൽ തളച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും 2 ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. അവസാന മിനുറ്റ്‌വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ അധികസമയത്താണ് കേരളം സമനില ഗോൾ നേടിയത്.

പരുക്കൻ അടവുകളുമായി കേരളത്തെ നേരിട്ട പഞ്ചാബാണ് ആദ്യം മുന്നിലെത്തിയത്. 49 മിനുറ്റിൽ കേരളതാരം ഷെറിൻ സാന്റെ സെൽഫ് ഗോളിലൂടെയാണ് പഞ്ചാബ് ലീഡ് എടുത്തത്. 56-ാം മിനിറ്റില്‍ മന്‍വീര്‍സിങ്ങിലൂടെ പഞ്ചാബ് വീണ്ടും മുന്നിലെത്തി. സ്‌കോര്‍ 2-0. എന്നാല്‍ പിന്നീട് കേരളം ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. പഞ്ചാബ് ഗോൾമുഖത്തേക്ക് ഇരച്ചെത്തിയ കേരളം ഗോൾ മടക്കാൻ കിണഞ്ഞു ശ്രമിച്ചു.

89 മിനുറ്റിൽ മധ്യനിരക്കാരൻ മുഹമ്മദ് പാറേക്കാട്ടിലിന്റെ ഗോളിലുടെ കേരളം ഒരു ഗോൾ മടക്കി. കൂടുതൽ ആഹ്ലാദൾക്ക് മുതിരാതെ താരങ്ങൾ സമയം പാഴാക്കാതെ കളി പുനരാരംഭിച്ചു. എന്നാൽ ഒരു ഗോൾ ലീഡിൽ കടിച്ചു തൂങ്ങാൻ ശ്രമിച്ച പഞ്ചാബിനെ ഞെട്ടിച്ച് മുഹമ്മദ് കേരളത്തിന് സമനില സമ്മാനിച്ചു. കേരളത്തിന് വിജയത്തിന് തുല്യമായ ഒരു സമനിലയാണ് ലഭിച്ചത്. ആദ്യ മത്സരത്തിൽ റെയിൽവേസിനെ 4-2 ന് തോൽപ്പിച്ച കേരളത്തിന് 4 പോയിന്റാണ് ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ