പനാജി: പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫി കിരീടം നേടാനുറച്ച് കേരളം ഇന്ന് സെമിഫൈനൽ മത്സരത്തിനിറങ്ങുന്നു. കരുത്തരായ ഗോവയാണ് കേരളത്തിന്റെ എതിരാളികൾ. ഇതുവരെ തുടർന്ന കളിക്കരുത്ത് ബാംബോലി സ്റ്റേഡിയത്തിലും പുറത്തെടുക്കാനായാൽ കേരളം നാല് വർഷത്തിന് ശേഷം വീണ്ടും ഫൈനലിലെത്തും. വൈകിട്ട് ഏഴിന് നടക്കുന്ന മത്സരം ഡിഡി സ്പോർട്സിൽ തത്സമയം സംപ്രേഷണം ചെയ്യും.

അതേസമയം ആദ്യ സെമിഫൈനൽ മത്സരം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. വെസ്റ്റ് ബംഗാൾ ടീം മിസോറാമിനെ എതിരിടും. നാല് കളികളിൽ നിന്ന് ഹാട്രിക്കടക്കം നാല് ഗോൾ നേടിയ ജോബി ജസ്റ്റിനാണ് കേരളത്തിന്റെ മുന്നേറ്റ നിരയ്ക്ക് ശക്തിയേകുന്നത്. മറുപക്ഷത്ത് ലിസ്റ്റൺ കൊളസോയെ കേന്ദ്രീകരിച്ചാണ് ഗോവയുടെ മുന്നേറ്റങ്ങളെല്ലാം.

യുവനിരയുടെ സാന്നിദ്ധ്യമാണ് ഇരുനിരയെയും ശക്തരാക്കുന്നത്. നാല് വീതം അണ്ടർ 21 താരങ്ങളെ ഗോവയും കേരളവും വിവിധ മത്സരങ്ങളിൽ ഇതുവരെ രംഗത്തിറക്കിയിട്ടുണ്ട്. ഇതിൽ കേരളത്തിന്റെ മുഹമ്മദും അസ്ഹറുദ്ദീനും ഇരട്ട ഗോളുകൾ നേടിയപ്പോൾ ജിഷ്ണു, നിഷോൺ എന്നിവർ ഓരോ ഗോൾ നേടി.

ലതേഷ് മന്ദ്രേക്കർ, ലിസ്റ്റൺ കൊളസോ, ആരെൻ ഡിസിൽവ, അസംപ്ഷൻ റെയ്മണ്ട്, അകിരാജ് മാർട്ടിൻസ്, ലിയാണ്ടർ ഡികുന എന്നിവരാണ് ഗോവയുടെ അണ്ടർ 21 താരങ്ങൾ. ഗോവ ഇതുവരെ നേടിയ അഞ്ചിൽ നാല് ഗോളും ഇവരുടെ സംഭാവനയാണ്.

കാലടക്കം കൊണ്ട് ഏത് പ്രതിരോധത്തെയും അനായാസം മറികടക്കുന്ന താരമാണ് ലിസ്റ്റൺ കൊളസോ. ഇതാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയും. മുന്നേറ്റത്തിൽ ശക്തരാണെങ്കിലും കേരളത്തിന്റെ പ്രതിരോധം അത്ര ശക്തമല്ല. നാല് കളികളിൽ നിന്ന് കേരളം പത്ത് ഗോളുകളാണ് അടിച്ചുകൂട്ടിയത്. എന്നാൽ ഏഴ് ഗോളുകൾ വഴങ്ങിയത് പോരായ്മയാണ്. ഗ്രൂപ്പ് ചാംപ്യന്മാരായത് കൊണ്ട് മാത്രമാണ് പ്രതിരോധ നിരയിലെ വീഴ്ചകൾ ശ്രദ്ധിക്കപ്പെടാതെ പോയത്.

അതേസമയം രണ്ട് ഗോൾ വഴങ്ങേണ്ടി വന്നാലും നാല് ഗോൾ അടിക്കാൻ ടീമിന്റെ മുന്നേറ്റ നിരയ്ക്ക് ശേഷിയുണ്ടെന്ന ഉറച്ച വിശ്വാസമാണ് കേരള നിരയുടെ കരുത്ത്. ഗോവൻ നിരയുടെ പ്രതിരോധം കേരളത്തേക്കാൾ ശക്തമാണ്. നാല് കളികളിൽ ആകെ മൂന്ന് ഗോളുകളാണ് ഇവർ ഇതുവരെ വഴങ്ങിയത്. അതേസമയം ഗോളടിക്കുന്നതിലും ഈ പിശുക്ക് ഗോവൻ സംഘത്തിനുണ്ടെന്നത് കേരളത്തിന് ആശ്വാസമാണ്.

ഇന്ന് നടക്കുന്ന മത്സരത്തിൽ ക്യാപ്റ്റൻ ഉസ്മാൻ ആദ്യ പതിനൊന്നിൽ കളിച്ചേക്കില്ലെന്നാണ് വിവരം. പകരക്കാരനായാവും ഇദ്ദേഹം കളത്തിലിറങ്ങുക. മധ്യനിരയിൽ ജിജോ,സീസൻ, ജിഷ്ണു, അസ്ഹറുദ്ദീൻ എന്നിവരെയും മുന്നേറ്റ നിരയിൽ ജോബിയും സഹലുമാകും ആദ്യ പതിനൊന്നിൽ കളിക്കുക.

അതേസമയം ബംഗാളിന്റെ വരവും ശ്രദ്ധ നേടി തന്നെയാണ്. ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെന്നത് മിസോറാമിനെതിരായ മത്സരത്തിൽ അഴർക്ക് കരുത്തേകുന്നു. ഗോളടിക്കുന്നത് കുറവാണെങ്കിലും പ്രതിരോധ നിരയുടെ ശക്തിയിലൂടെ മത്സരം ജയിച്ചുകയറുകയാണ് ബംഗാൾ. കേരളത്തിന് പുറകിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ മിസോറാം ഒന്പത് ഗോളുകൾ നേടിയിട്ടുണ്ട്. മിസോറാമിന്റെ മുന്നേറ്റ നിരയെ ചെറുത്തുനിർത്താനാകും ബംഗാൾ പരമാവധി ശ്രമിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ