ഉയിർത്തെഴുന്നേറ്റ് ബംഗാള്‍; സന്തോഷ് ട്രോഫി ഫെെനല്‍ അധിക സമയത്തിലേക്ക്

ഗോള്‍ മടക്കിയതിന് ശേഷം ബംഗാള്‍ അക്ഷരാർത്ഥത്തില്‍ ഉയിർത്തെഴുന്നേല്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ കളി നടന്നത് കേരളത്തിന്‍റെ ഗോള്‍ മുഖത്തു തന്നെയായിരുന്നു.

കൊല്‍ക്കത്ത: ആവേശകരമായ സന്തോഷ് ട്രോഫി ഫെെനല്‍ അധിക സമയത്തേക്ക്. നിശ്ചിത സമയത്ത് കേരളവും ബംഗാളും ഓരോ ഗോള്‍ വീതം അടിച്ച് സമനില തുടർന്നതോടെയായിരുന്നു മൽസരം അധികസമയത്തേക്ക് നീണ്ടത്.

68-ാം മിനിറ്റിലായിരുന്നു ബംഗാള്‍ മടക്കിയത്. ഗോള്‍ വീണതോടെ കേരളം പ്രതിരോധത്തിലാവുകയായിരുന്നു. ഈ അവസരം മുതലെടുത്ത് ബംഗാള്‍ നിരന്തരം ആക്രമണം അഴിച്ചു വിടുകയായിരുന്നു. നായകന്‍ ജിതിന്‍ മുർമുവാണ് ബംഗാളിനായി സമനില ഗോള്‍ നേടിയത്. ഗോള്‍ മടക്കിയതിന് ശേഷം ബംഗാള്‍ അക്ഷരാർത്ഥത്തില്‍ ഉയിർത്തെഴുന്നേല്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ കളി നടന്നത് കേരളത്തിന്‍റെ ഗോള്‍ മുഖത്തു തന്നെയായിരുന്നു.

19-ാം മിനിറ്റില്‍ എം.എസ്.ജിതിന്റെ ഗോളിലാണ് കേരളം പശ്ചിമ ബംഗാളിനെതിരെ ലീഡ് നേടിയത്. സീസണില്‍ നിന്നും ലഭിച്ച പാസുമായി മൈതാന മധ്യത്തില്‍ നിന്നും പാഞ്ഞു കയറിയ ജിതിന്‍ ബംഗാള്‍ ഗോള്‍ കീപ്പറെ മറികടന്ന് പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അതേസമയം, 87-ാം മിനിറ്റില്‍ സൂപ്പർതാരം അഫ്ദല്‍ മികച്ചൊരു ഗോളവസരം നഷ്ടമാക്കിയത് കേരളത്തിന് തിരിച്ചടിയായി.

പതിമൂന്ന് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് കേരളം പന്തു തട്ടിയത്. ഇതിന് മുമ്പ് കേരളം കിരീടം നേടിയത് 2005 ലായിരുന്നു. അവസാനമായി ഫൈനലില്‍ കളിച്ചത് 2013 ലായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും സന്തോഷ് ട്രോഫിയുടെ ഫൈനലിലെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല.

സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമാണ് ബംഗാള്‍. നേരത്തെ മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിന് ടിക്കറ്റെടുത്തത്. ഗോള്‍ വഴങ്ങുന്നതില്‍ പഞ്ഞം കാണിക്കുന്ന കേരളം ഒരു ഗോള്‍ കൂടി നേടി വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഒരു ഗോള്‍ വഴങ്ങിയിട്ടും തളരാതെ ബംഗാളും ലീഡുയര്‍ത്താനായി കേരളവും പൊരുതിയപ്പോള്‍ രണ്ടാം പകുതിയും ആവേശകരമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കേരളത്തിന്റെ ഗോള്‍ മുഖത്തേക്ക് ബംഗാള്‍ തുടരെ തുടരെ അക്രമം നടത്തുകയായിരുന്നു. കേരളത്തിന്റെ പ്രതിരോധ നിരയുടെ കൃത്യമായ ഇടപെടലുകളാണ് ഗോള്‍ അകറ്റി നിര്‍ത്തിയത്. ഇതിനിടെ പലപ്പോഴും ബംഗാള്‍ പരുക്കന്‍ കളി പുറത്തെടുത്തതും കളിയുടെ ആവേശം വ്യക്തമാക്കുന്നതായിരുന്നു.

Web Title: Santhosh trophy final results

Next Story
സന്തോഷം കൈയ്യെത്തും ദൂരെ; സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ഒരു ഗോളിന് മുന്നില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com