കൊൽക്കത്തയിലെ ഷെൽട്ടർ ഹോമിലെ കുട്ടികളെ സാന്റാ ക്ലോസായെത്തി അതിശയിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. കൈനിറയെ സമ്മാനവുമായെത്തിയ സാന്റാ ക്ലോസ് ആരാണെന്ന് കുട്ടികൾക്ക് ആദ്യം മനസിലായില്ല. വിരാട് കോഹ്‌ലിയാണ് സാന്റയാണെന്ന് മനസിലായപ്പോൾ കുട്ടികൾ ഓടിവന്ന് കോഹ്‌ലിയെ കെട്ടിപ്പിടിക്കുകയായിരുന്നു. മനോഹരമായ ഈ വീഡിയോ സ്റ്റാർ സ്‌പോർട്സ് ആണ് പുറത്തുവിട്ടത്.

Read Also: വിവാഹ വാർഷികത്തിൽ അനുഷ്‌കയ്ക്ക് വിരാട് കോഹ്‌ലിയുടെ സ്‌പെഷൽ സമ്മാനം

സാന്റാ ക്ലോസിനോട് കുട്ടികൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട സമ്മാനങ്ങൾ ചോദിക്കുകയാണ്. വിരാട് കോഹ്‌ലി സാന്റാ ക്ലോസിന്റെ വേഷം ധരിച്ച് ഷെൽട്ടർ ഹോമിലെത്തി കുട്ടികൾ ചോദിച്ച സമ്മാനം അവർക്ക് നൽകുന്നു. ഓരോരുത്തരും സമ്മാനം തുറന്നു നോക്കുമ്പോൾ തങ്ങൾ സാന്രായോട് ചോദിച്ച അതേ സമ്മാനം. സമ്മാനങ്ങൾ നൽകിയശേഷം അവരോട് നിങ്ങൾക്ക് വിരാട് കോഹ്‌ലിയെ കാണണോയെന്ന് ചോദിക്കുന്നു. അതെ എന്നു കുട്ടികൾ പറയുമ്പോൾ സാന്രാ തൊപ്പിയും താടിയും അഴിച്ചുമാറ്റി. സാന്റായായെത്തിയത് കോഹ്‌ലിയാണെന്ന് മനസിലായതും സന്തോഷം അടക്കാനാവാതെ കുട്ടികൾ ഓടിവന്നു കെട്ടിപ്പിടിക്കുന്നതാണ് വീഡിയോ.

ക്രിസ്‌മസിനോട് അനുബന്ധിച്ച് സ്റ്റാർ സ്‌പോർട്സ് പുറത്തിറക്കിയ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. തിരക്കേറിയ ജീവിതത്തിനിടയിലും ഷെൽട്ടർ ഹോമിലെ കുട്ടികളെ സന്തോഷിപ്പിക്കാൻ സമയം കണ്ടെത്തിയ വിരാാട് കോഹ്‌ലിയെ പ്രശംസിച്ചും അഭിനന്ദിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്.

നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടീമിനെയാണ് കോഹ്‌ലി നയിക്കുന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓരോ മത്സരം വീതം ജയിച്ച് ഇരു ടീമുകളും 1-1 എന്ന നിലയിലാണ്. ഞായറാഴ്ച കട്ടക്കിലാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook