ഏറെ പ്രതീക്ഷയോടെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന – ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തെ ക്രിക്കറ്റ് ആരാധകർ കാത്തിരുന്നത്, പ്രത്യേകിച്ച് മലയാളികൾ. ബംഗ്ലാദേശിനെതിരായ ടി20 ടീമിലിടം നേടിയെങ്കിലും കളിക്കാൻ അവസരം നൽകാതിരുന്ന സഞ്ജുവിന് ഒരവസരം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ ആ പ്രതീക്ഷകളെല്ലാം തകർത്തുകൊണ്ടാണ് സഞ്ജുവിനെ ഒഴിവാക്കി ടീം പ്രഖ്യാപനം നടന്നത്.

യുവതാരം ഋഷഭ് പന്തിനെയാണ് ഇക്കുറിയും ഇന്ത്യൻ ടീം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി പരിഗണിച്ചത്. ഏറെ അവസരങ്ങൾ ഇതിനോടകം നൽകിയെങ്കിലും ബാറ്റിങ്ങിൽ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ പന്തിനായില്ല. വിക്കറ്റിന് പിന്നിലെ ആവർത്തിക്കുന്ന മണ്ടത്തരങ്ങളും പന്തിന് തിരിച്ചടിയാകുമെന്നു കരുതിയെങ്കിലും സെലക്ടർമാരുടെ തിരഞ്ഞെടുപ്പ് ഡൽഹി ക്രിക്കറ്റിൽ തന്നെ വന്നവസാനിച്ചു. ഒന്നു പരീക്ഷിക്കുക പോലും ചെയ്യാതെ സഞ്ജുവിനെ പുറത്താക്കിയ തീരുമാനത്തിനെതിരെ നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറിയാണ് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വാതിൽ വീണ്ടും സഞ്ജുവിന് മുന്നിൽ തുറന്നത്. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ പത്ത് സിക്‌സും 21 ഫോറുമടക്കം 212 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും സഞ്ജു തന്റേതാക്കി മാറ്റിയിരുന്നു. ഇതോടെയാണ് ബംഗ്ലാദേശിനെതിരായ ടി20 ടീമിലേക്ക് താരത്തെ ഉൾപ്പെടുത്തിയത്. എന്നാൽ മൂന്ന് മത്സരങ്ങളിലും സഞ്ജു പ്ലെയിങ് ഇലവനിൽ എത്തിയില്ല. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സഞ്ജു അസമിനെതിരെ അർധസെഞ്ചുറി തികച്ച് വീണ്ടും തന്റെ മികവിന് അടിവരയിട്ടു. ഇത് കാണാത്ത മട്ടിലാണ് സെലക്ഷൻ.

ഹർഷ ഫോഗ്‌ലെ, അയാസ് മേമൻ ഉൾപ്പടെയുള്ള ക്രിക്കറ്റ് രംഗത്തെ പ്രമുഖർ സെലക്ടർമാരുടെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി. മോശം ഫോമിൽ തുടരുന്ന പന്തിനെ നിലനിർത്തി ഒരവസരം പോലും നൽകാതെ സഞ്ജുവിനെ ഒഴിവാക്കിയതിലാണ് ഭൂരിപക്ഷവും പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook