നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിൽ മലയാളി ബാറ്റർ സഞ്ജു സാംസണിന് ഇടം ലഭിച്ചിരുന്നു. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഇടം ലഭിക്കാതിരുന്ന താരം ഇന്നിതാ നാട്ടിലേക്ക് മടങ്ങുകയാണ്. ഇംഗ്ലണ്ടിൽ നിന്ന് നാട്ടിലേക്ക് വിമാനം കയറുന്നതിന് മുൻപ് ആരാധകർക്കായി സഞ്ജു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
“വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവർക്കും നന്ദി”, എന്ന് കുറിച്ചു കൊണ്ട് വൈകാരികമായ കുറിപ്പാണ് സഞ്ജു പങ്കുവച്ചത്. സഞ്ജുവിനെ പുറത്തിരുത്തിയതിലുള്ള ആരാധകരോക്ഷം പുകയുന്നതിനിടയിലാണ് സഞ്ജുവിന്റെ പോസ്റ്റ്. ബിസിസിഐയ്ക്ക് എതിരെയും സെലക്ടർമാർക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയർത്തുന്ന ആരാധകക്കൂട്ടം സഞ്ജുവിന്റെ പോസ്റ്റിന് കീഴിൽ ആശ്വാസവാക്കുകളുമായി നിറയുകയാണ്.
ഈ തഴയലുകളിൽ ഒന്നും തളരരുത്, നാളെ നമ്മുടെതാകും, എല്ലാവരും അംഗീകരിക്കുന്ന ഒരു കാലം വരും, വെസ്റ്റ് ഇൻഡീസിൽ തകർക്കണം എന്നിങ്ങനെ പോകുന്നു സഞ്ജുവിനെ ചേർത്തുപിടിച്ചുള്ള ആരാധകരുടെ കമന്റുകൾ.
അതേസമയം, അയർലണ്ടിനെതിരായ രണ്ടാം ടി20 യിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ പുറത്തിരുത്തി പകരം ഇഷാൻ കിഷന് അവസരം നൽകിയതിൽ കടുത്ത വിമർശനമാണ് ബിസിസിഐക്ക് നേരെയുണ്ടാകുന്നത്. ബിസിസിഐയുടെ രാഷ്ട്രീയം കാരണമാണ് സഞ്ജുവിനെ തഴയുന്നതെന്നും സഞ്ജുവിന്റെ ഭാവി നശിപ്പിക്കുകയാണെന്നുമാണ് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്.
അതിനിടെ സഞ്ജുവിനെ പുറത്തിരുത്തിയതിനെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്ത് എത്തിയിരുന്നു. “ഇതും ഒരു കളി” എന്ന് പറഞ്ഞു സഞ്ജുവിന്റെ ചിത്രം അദ്ദേഹം ഫെയ്സ്ബൂക്കിൽ പങ്കുവച്ചു. നേരത്തെ ആർക്കാണ് സഞ്ജുവിനെ പേടിയെന്ന് ചോദിച്ച് അദ്ദേഹം രംഗത്ത് എത്തിയിരുന്നു.