2013 ഏപ്രിലിലെ ഐപിഎല്‍ പൂരക്കാലം. ഫോറുകളും സിക്സറുകളും ഗാലറികളില്‍ മെക്‌സിക്കന്‍ തിരമാലകള്‍ സൃഷ്ടിച്ചിരുന്ന ആ നാളുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരത്തിനിടയില്‍ ഗാലറിയില്‍ ഒരു പോസ്റ്റര്‍ ഉയര്‍ന്നു. “സഞ്ജു നിങ്ങള്‍ ക്രിക്കറ്റ് ബാറ്റുമായി കളിക്കളത്തിലായിരുന്നപ്പോള്‍ ഞങ്ങള്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു.” കുറിക്കു കൊള്ളുന്ന മറുപടി കമന്ററി ബോക്‌സില്‍ നിന്നും ബൗണ്ടറി കടന്നെത്തി. “അതുകൊണ്ടാണ് നിങ്ങള്‍ ഗാലറിയിലും സഞ്ജു ക്രീസിലും നില്‍ക്കുന്നത്.”

2013 ഏപ്രില്‍ 29-ന് രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി അർധ സെഞ്ചുറി തികച്ച് സഞ്ജു വി.സാംസണ്‍ എന്ന മലയാളി ഐപിഎല്ലിലെ ഒരു റെക്കോര്‍ഡ് മാറ്റിയെഴുതി. ഐപിഎല്ലില്‍ അർധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരം.

അന്നു മുതല്‍ കേരളം കേള്‍ക്കാനാഗ്രഹിച്ച് കാത്തിരിക്കുന്ന ഒരു വാര്‍ത്തയുണ്ട്. ഇന്ത്യന്‍ ടീമിലേക്കുള്ള സഞ്ജുവിന്റെ അരങ്ങേറ്റം. സഞ്ജുവിന്റെ പ്രകടനത്തിനൊപ്പം അന്താരാഷ്ട്ര കളിപറച്ചിലുകാരുടേയും എഴുത്തുകാരുടേയും വാക്കുകളും മലയാളിയില്‍ ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ മലയാളി ബാറ്റ്‌സ്മാന്‍ എന്ന സ്വപ്‌നം നിറച്ചു. പക്ഷേ, ഈ 2017-ല്‍ ഇതൊരു സ്വപ്നം മാത്രമായി അവശേഷിക്കുമോ എന്ന ആശങ്കയിലാണ്. ഒന്നോ രണ്ടോ വര്‍ഷത്തിനകം ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സഞ്ജുവിന് മൂന്ന് വര്‍ഷം ആകുമ്പോഴേക്കും എതിരാളികള്‍ ഏറെ വന്നു കഴിഞ്ഞു. ഡ്രസിങ് റൂമില്‍ സഞ്ജുവിന്റെ പെരുമാറ്റവും കേരള ക്രിക്കറ്റ് അസോസിയേഷന്റെ അന്വേഷണവും ഒടുവില്‍ മാപ്പു പറച്ചിലും കെസിഎയുടെ താക്കീതും ഒക്കെയാണ് സഞ്ജുവെന്ന വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാനെ വാര്‍ത്തകളില്‍ ഇടംപിടിപ്പിച്ചത്.

2014 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തില്‍ 17 അംഗ സംഘത്തില്‍ ഇടംപിടിച്ചുവെങ്കിലും അന്തിമ പതിനൊന്നില്‍ ഇടം കിട്ടിയില്ല. അന്നത് സഞ്ജുവിന് അന്താരാഷ്ട്ര മത്സരങ്ങളിലെ അന്തരീക്ഷം പരിചിതമാകാനാണ് ഈ ഉള്‍പ്പെടുത്തല്‍ എന്ന വാദം ഉയര്‍ന്നിരുന്നു. പിന്നീട് സിംബാബ്‌വേയ്ക്ക് എതിരായിട്ടാണ് സഞ്ജു ടി20യില്‍ അരങ്ങേറിയത്. ഇന്ത്യ തോറ്റ മത്സരത്തില്‍ 24 പന്തില്‍ നിന്ന് 19 റണ്‍സ് എടുക്കുകയും ചെയ്തു. പക്ഷേ, പിന്നീട് അദ്ദേഹത്തിന് ടീമില്‍ ഇടം നേടാനായില്ല. ഒടുവില്‍ ഇക്കഴിഞ്ഞ ഇംഗ്ലണ്ടിന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യ എ ടീമില്‍ ഇടം നേടിയ സഞ്ജു ആദ്യ പന്തില്‍ തന്നെ പുറത്താകുകയും ചെയ്തു. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി, യുവരാജ് സിങ് എന്നിവര്‍ക്കൊപ്പം ശ്രദ്ധേയമായ ഇന്നിങ്‌സ് കളിക്കാന്‍ കിട്ടിയ അവസരമാണ് പാഴായത്.

പ്രതിഭകളുടെ ധാരാളിത്തമാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രധാന സവിശേഷത. അതുപോലെ തന്നെ ഒരു താരം കഴിവ് തെളിയിച്ചാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനം വര്‍ഷങ്ങളോളം ഉറപ്പാക്കുകയും ചെയ്യും. അതിനാല്‍ ഇന്ത്യന്‍ ടീമിലേക്ക് അരങ്ങേറ്റം കുറിക്കുന്നവര്‍ ആദ്യ മത്സരങ്ങളില്‍ തന്നെ മാറ്റ് തെളിയിക്കേണ്ടിയുമിരിക്കുന്നു. ബെംഗളുരു മലയാളിയായ കരുണ്‍ നായരുടെ ട്രിപ്പിള്‍ സെഞ്ചുറി പ്രകടനം അതാണ് വ്യക്തമാക്കുന്നത്. കരുണിന് മുമ്പ് സഞ്ജു ടീമില്‍ സ്ഥാനം ഉറപ്പിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന മനന്‍ വോറ, സര്‍ഫറാസ് ഖാന്‍, ശ്രേയസ് അയ്യര്‍, റിഷി ധവാന്‍, മന്ദീപ് സിങ് തുടങ്ങിയവര്‍ സഞ്ജുവിന് ഭീഷണിയായുണ്ട്.

ധോണി ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വിരമിക്കുന്നതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയി സഞ്ജുവെത്തുമെന്നായിരുന്നു ഏവരുടേയും കണക്കുകൂട്ടല്‍. എന്നാല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ അതുണ്ടായില്ല. ധോണിയുടെ പിന്‍ഗാമിയായ കോഹ്‌ലിയാകട്ടെ വൃദ്ധിമാന്‍ സാഹയേയും കെ.എല്‍.രാഹുലിനേയുമാണ് പിന്തുണയ്ക്കുന്നത്. ഏറെക്കാലമായി ടീമില്‍ വന്നും പോയുമിരിക്കുന്ന സാഹയുടെ ബാറ്റിങ് മെച്ചപ്പെട്ടുവെന്നാണ് കോഹ്‌ലിയുടെ അഭിപ്രായം. രാഹുലാകട്ടെ കിട്ടിയ അവസരങ്ങള്‍ മുതലാക്കി ടീമില്‍ ഇരിപ്പ് ഉറപ്പിക്കുകയും ചെയ്തു. അടുത്തകാലത്തായി സാഹയ്ക്ക് പരുക്കേറ്റപ്പോള്‍ പാര്‍ത്ഥിവ് പട്ടേലിനെയാണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത്.

സ്റ്റാന്‍ഡ് ബൈ വിക്കറ്റ് കീപ്പറായി എത്തിയത് റിഷഭ് പന്തുമാണ്. കഴിഞ്ഞ രഞ്ജി സീസണില്‍ രണ്ടു വിക്കറ്റ് കീപ്പര്‍മാരാണ് ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത്. പന്തും നിതിന്‍ സെയ്‌നിയും. പന്ത് ആറു കളികളില്‍ നിന്നായി 874 റണ്‍സാണ് എടുത്തത്. സെയ്‌നി ഏഴ് കളികളില്‍ നിന്ന് 767 റണ്‍സും. സഞ്ജുവാകട്ടെ ആദ്യ രഞ്ജി മത്സരത്തില്‍ 154 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ഒരു അർധ സെഞ്ചുറി പോലും നേടാനായില്ല.

രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിനെ വളര്‍ത്തിയെടുക്കുന്നതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് വഹിച്ച പങ്ക് ചെറുതല്ല. ഐപിഎല്‍ വിവാദങ്ങളില്‍പ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത് പ്രത്യക്ഷത്തില്‍ സഞ്ജുവിന് ദ്രാവിഡിന്റെ പാഠങ്ങള്‍ ലഭിക്കാതെ വരുന്നതിന് കാരണമായി. ദ്രാവിഡിന്റെ നിലവാരത്തിലെ പരിശീലകന്റെ അഭാവം സഞ്ജുവിന്റെ പ്രകടനത്തില്‍ നിഴലിക്കുന്നുമുണ്ട്. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മത്സരങ്ങളില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയാത്തത് സഞ്ജുവില്‍ മാനസിക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാതെ പോയതും തനിക്ക് വെല്ലുവിളിയായി മറ്റു താരങ്ങള്‍ ഉയര്‍ന്നു വരുന്നതും ഡ്രസിങ് റൂമിലെ അന്തര്‍മുഖനായ ഈ യുവാവിനെ പൊട്ടിത്തെറിയിലും മാപ്പ് പറച്ചിലിലും എത്തിച്ചതും.

സമ്മര്‍ദ്ദത്തെ ബൗണ്ടറി കടത്തി ക്രീസില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനുള്ള പിന്തുണ കേരള ടീമില്‍ നിന്നും ക്രിക്കറ്റ് ഭരണാധികാരികളില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ